ജീവന്റെ ജീവനായ കുടുംബത്തെ ജന്മനാട്ടിലാക്കി ജീവിതം കെട്ടിപ്പടുക്കാൻ മണലാരണ്യത്തിലേക്ക് വണ്ടി കയറുന്നവരാണ് പ്രവാസികൾ. ഗൾഫിലെത്തുമ്പോൾ പലപ്പോഴും പലരും പറ്റിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ ചതിയിൽ അകപ്പെടുന്നവർക്ക് ദുരിതജീവിതം നയിക്കേണ്ടി വരാറുമുണ്ട്. വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ ജോലി തേടിയെത്തിയ നജീബ് എന്ന മലയാളി പ്രവാസിയുടെ യാതനകൾ നിറഞ്ഞ ജീവിതം ‘ആടുജീവിതം’ എന്ന നോവലിലൂടെ ബെന്യാമിൻ ലോകത്തിന് മുന്നിൽ എത്തിച്ചിരുന്നു. ആ യഥാർത്ഥ ജീവിതം മാർച്ച് 28 ന് വെള്ളിത്തിരയിൽ എത്തുകയാണ്. ആടുകളും ഒട്ടകങ്ങളും ഒപ്പം യാതനകൾ തിന്നു തീർത്ത നജീബിന്റെ ‘ആടുജീവിതവും’.
മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയായ ആടുജീവിതത്തിലെ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ ഹോപ്പ് ഗാനം പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത. മനുഷ്യനെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്‍റെ കോണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും ചെയ്തിരിക്കുന്നത് ‘ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലെസി തന്നെയാണ്.
അഞ്ച് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഹോപ്പ് ഗാനത്തിന്‍റെ വരികൾ റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എ.ആര്‍ റഹ്‌മാന്‍, റിയാഞ്ജലി എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. എ.ആര്‍. റഹ്‌മാനും റിയാഞ്ജലിയുമാണ് ആലാപനത്തിലൂടെ പ്രതീക്ഷകളുടെ പാട്ടിന് ജീവൻ നൽകിയിരിക്കുന്നത്. ‘ആടുജീവിത’ത്തിൽ പൃഥ്വിരാജ് സുകുമാരനും അമല പോളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവരെ കൂടാതെ ഹോളിവുഡ് നടന്‍ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയ്യറ്ററുകളിൽ വിസ്മയം തീർക്കും.
View this post on Instagram