നാലാം പിറന്നാൾ ആഘോഷിച്ച് സന്തോഷത്തില്‍ രാവിലെ സ്കൂളിലേക്ക് പോയ ബാലിക ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ദാരുണമായി മരണപ്പെട്ടു. ദോഹ അല്‍ വക്റയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടനിലെ കെജി1 വിദ്യാർഥിനി നാല് വയസുള്ള മിൻസ മറിയം ജേക്കബിനെയാണ് സ്കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് -സൗമ്യ ദമ്പതികളുടെ ഇളയ മകളാണ് മിൻസ.
രാവിലെ ആറുമണിക്ക് സ്കൂളിലേക്ക് പോകവേ ബസിൽ ഉറങ്ങിപ്പോയ കുട്ടി മറ്റുള്ളവരോടൊപ്പം സ്കൂളിൽ എത്തിയപ്പോൾ ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരൻ ശ്രദ്ധിച്ചിരുന്നില്ല. ബസ് പരിശോധിക്കാതെ വാഹനം ഡോർ ലോക്ക് ചെയ്ത് ഡ്രൈവർ പോയി. തുറന്ന സ്ഥലത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്.
രാവിലെ 11.30ന് തിരികെയെത്തിയ ജീവനക്കാർ കുട്ടിയെ ബസ്സിനുള്ളിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരണത്തിനിടയാക്കിയ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂർത്തിയായ ശേഷം ഉത്തരവാദികൾക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.