ക്ഷേത്രത്തിൽ വഴിപാടായി സൂക്ഷിച്ച ബദാം കഴിച്ചതിന് 11 വയസുകാരനെ ക്ഷേത്രത്തിലെ പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിർ പരിസരത്താണ് സംഭവം. കുട്ടി കരഞ്ഞ് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ
പൊലീസ് പൂജാരിക്കെതിരെ കേസെടുത്തിട്ടുണ്ട്.
വഴിപാട് ബദാം കഴിച്ചുവെന്ന സംശയത്തിലാണ് ദളിത് ബാലനെ പൂജാരിയായ രാകേഷ് ജെയിൻ മരത്തിൽ കെട്ടിയിട്ടത്. കുട്ടി ഓടിപ്പോകാതിരിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്നാണ് രാകേഷിൻ്റെ ന്യായീകരണം. എന്നാൽ ക്ഷേത്രത്തിൻ്റെ ഗേറ്റിന് സമീപം നിന്ന കുട്ടിയെ, പൂജാരി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയാണ് ഉണ്ടായതെന്നാണ് കുടുംബം ആരോപിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാകേഷ് ജെയിനിനെതിരെ മോത്തി നഗർ പൊലീസ് കേസെടുത്തു. കുറ്റാരോപിതനായ പൂജാരിക്കെതിരെ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം കേസെടുത്ത അന്വേഷണം പുരോഗമിക്കുകയാണ്.