കൊടൈക്കനാലിലെ ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന്റെ ആവേശത്തിൽ കേവിൽ ഇറങ്ങിയ റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത് കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്.
നിരോധിത മേഖലയിൽ യുവാക്കൾ ഇറങ്ങിയതായി വിവരം ലഭിച്ചതിനേത്തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിലെ ഗുണ കേവ് കാണുന്നതിനായാണ് മൂവരും നിരോധിത മേഖലയിലിറങ്ങിയതെന്നാണ് വിവരം. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് വിജയിച്ചതോടെ കേരളത്തിലും തമിഴ്നാട്ടിലും സിനിമയുടെ തരംഗം തന്നെയാണ് നിലനിൽക്കുന്നത്.
ഇതോടെ കൊടൈക്കനാലിലേക്കും ഗുണ കേവിലേക്കും സഞ്ചാരികളുടെ പ്രവാഹം തന്നെയാണ് ഉണ്ടാകുന്നത്. ഓഫ് സീസൺ ആയിട്ടും ചിത്രമുണ്ടാക്കിയ ഓളത്താൽ നിരവധി പേരാണ് ഗുണ കേവിലേയ്ക്ക് എത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ 40,000 വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ മാത്രം ഒരു ലക്ഷം പേരാണ് കേവ് സന്ദർശിച്ചത്.