കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ചട്ടങ്ങൾ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പൊടുന്നനെ കേന്ദ്രം പുറത്തിറക്കിയത്. പൗരത്വ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ അടങ്ങിയ വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. 2019ൽ പാർലമെൻ്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയിരുന്നു.
എന്താണ് പൗരത്വ ഭേദഗതി നിയമം
2019-ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയൽരാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. മതപരമായ പീഡനം മൂലം 2014 ഡിസംബർ 31-ന് മുമ്പ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. സിഎഎ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ മുസ്ലിം വിഭാഗങ്ങൾക്ക് വിവേചനപരമായി മാറിയേക്കാം എന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നത്.
പൗരത്വ ബിൽ 2019 പ്രകാരമുള്ള ഇളവുകൾ
ബില്ലിൽ നിന്ന് വടക്കുകിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകൾക്ക് ബില്ല് ബാധകമല്ല. ഇതോടെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം എന്നിവയ്‌ക്കൊപ്പം മേഘാലയ, അസം ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളും ബില്ലിൻറെ പരിധിയിൽ നിന്ന് വിട്ടുനിൽക്കും.
പൗരത്വ ബില്ലിൽ കേരളത്തിന്റെ നിലപാട്
തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞിരുന്നു.
വർഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാർ ശ്രമം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പൗരത്വം എങ്ങനെ നൽകണമെന്നതു സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ചിന് വിരുദ്ധമായാണ് നടപടിയാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപിക്ക് പേടി തുടങ്ങി. അതുകൊണ്ടാണ് ഇത്തരം അടവുകൾ ഇറക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാൽ പൗരത്വഭേദഗതി നിയമത്തിൻ്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സരേന്ദ്രൻ പറയുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തെ കബളിപ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ പൗരൻമാർക്ക് വേണ്ടിയല്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടിയാണ് ആ നിയമം നിർമ്മിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു
പൗരത്വ ബില്ലിൽ തമിഴ്നാടിന്റെ നിലപാട്
പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിലപാട്. ബിജെപിയുടെ വിധ്വംസക പ്രവർത്തനങ്ങൾ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും മതസൗഹാർദം തകർക്കാനാണ് ശ്രമമെന്നും സിഎഎയെ പിന്തുണച്ച എഐഎഡിഎംകെയുടെ തനിനിറം ജനം മനസ്സിലാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയും അഭിപ്രായപ്പെട്ടു. മതമൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നതെന്ന് വിജയ് പ്രതികരിച്ചു. തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു.
നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയിലേക്ക്
പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് കേരള സർക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും തീരുമാനിച്ചു.
പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുമ്പും പ്രതിഷേധമുയർന്ന അസമിൽ ഹർത്താൽ തുടരുകയാണ്. പൗരത്വ നിയമഭേദഗതിക്കതെതിരെ നേരത്തെ വലിയ പ്രതിഷേധമുയർന്ന ഷഹിൻ ബാഗടക്കം കർശന നിരീക്ഷണത്തിലാണ്. നോയിഡയിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. ദില്ലി സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ അറസ്റ്റിലായി. മുപ്പതിൽ അധികം വിദ്യാർത്ഥികളെ പൊലീസ് കൊണ്ടുപോയി എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
വെബ് സൈറ്റ് സജ്ജമായി
പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്.