പറക്കും കാറിൽ യാത്ര ചെയ്യണമെന്ന യുഎഇ നിവാസികളുടെ സ്വപ്നം 2025ൽ പൂർത്തിയാകും. ഇതിനായി വൻ നീക്കമാണ് അണിയറയിൽ നടക്കുന്നത്. ദുബായിലും അബുദാബിയിലും വെർട്ടിക്കൽ എയർപോർട്ടുകൾ നിർമ്മിക്കുന്നതിന് യുഎഇ ആസ്ഥാനമായുള്ള ഏവിയേഷൻ സർവീസ് ഓപ്പറേറ്ററായ ഫാൽക്കൺ ഏവിയേഷനുമായി സഹകരിക്കാനൊരുങ്ങുകയാണ് യുഎസ് ഇലക്ട്രിക് ഫ്ലൈയിംഗ് കാർ നിർമ്മാതാക്കളായ ആർച്ചർ.
രണ്ട് നഗരങ്ങളിലെയും വെർട്ടിപോർട്ടുകൾ ആർച്ചേഴ്‌സ് മിഡ്‌നൈറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കും. ദുബായിലെ അറ്റ്‌ലാൻ്റിസ് ദി പാമിലെ ഫാൽക്കൺ ഹെലിപോർട്ടിലും അബുദാബി കോർണിഷിലെ മറീന മാൾ ഹെലിപോർട്ടിലുമാണ് ആദ്യ വെർട്ടിപോർട്ട് നിർമ്മിക്കുക. 2025-ൽ രണ്ട് എമിറേറ്റുകൾക്കിടയിൽ പറക്കും കാർ പുറത്തിറക്കുന്നതിന് മുന്നോടിയായാണ് വെർട്ടിപോർട്ടുകൾ നിർമ്മിക്കുന്നത്. ഈ സംരംഭം ആർച്ചറിൻ്റെ ആദ്യ അന്താരാഷ്ട്ര ലോഞ്ചായി മാറും. പറക്കും കാർ പൂർണ്ണമായും വെള്ളത്തിന് മുകളിലൂടെ പ്രവർത്തിക്കും, യാത്രക്കാർക്ക് നഗരത്തിൻ്റെയും അറബിക്കടലിൻ്റെയും മനോഹരമായ കാഴ്ചകൾ നൽകും.
കാറിൽ 60 മുതൽ 90 മിനിറ്റ് വരെയുള്ള യാത്രകൾക്ക് പകരം 10 മുതൽ 20 മിനിറ്റ് വരെ ഇലക്ട്രിക് എയർ ടാക്‌സി ഫ്ലൈറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമയം ലാഭിക്കുന്നതിനോടൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതുള്‍പ്പടെ ഗതാഗത രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ എയര്‍ ടാക്‌സികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.