നീണ്ട 18 വർഷങ്ങൾക്ക് ശേഷം ഒരുപാട് ഓർമ്മകൾ അവശേഷിക്കുന്ന ഗുണ കേവ് സന്ദർശിക്കാൻ അവരെത്തി. അതെ, റിയൽ മഞ്ഞുമ്മൽ ബോയ്സ് തന്നെ. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ റിലീസ് ചെയ്യുന്നതുവരെ സാധാരണക്കാരായിരുന്ന ഈ യുവാക്കൾ ഇന്ന് ലോകം അറിയുന്ന, ബഹുമാനിക്കുന്ന സെലിബ്രിറ്റികളായി മാറിയിരിക്കുകയാണ്.
റിയൽ മഞ്ഞുമ്മൽ ബോയ്സ് ഗുണ കേവിൽ എത്തിയപ്പോൾ പൊലീസുകാരും ഫോറസ്റ്റ് ഗാർഡും നാട്ടുകാരും ഉൾപ്പടെയുള്ളവർ വലിയ സ്വീകരണമാണ് നൽകിയത്. സംഘത്തിനൊപ്പം ഫോട്ടോ എടുക്കുന്നതിനും അവരുടെ വിശേഷങ്ങൾ അറിയുന്നതിനും നിരവധി പേരാണ് ചുറ്റും കൂടിയത്. പണ്ട് പേടിച്ച് നിലവിളിച്ച ആ സ്ഥലത്തെത്തിയപ്പോൾ പഴയ ഓർമ്മകൾ അലട്ടുന്നുണ്ടായിരുന്നെങ്കിലും തങ്ങളുടെ സുഹൃത്ത് ഇപ്പോഴും കൂടെയുണ്ടല്ലോ എന്നതായിരുന്നു ഇവരുടെ ആശ്വാസം.
തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച ഒരോ സ്ഥലവും അവർ സന്ദർശിച്ചു. ഗുണ കേവിന് സമീപത്തെ ഗേറ്റ് വരെയേ പോകാൻ സാധിച്ചുള്ളുവെങ്കിലും ആ ഗുഹ ഇന്നും അവരുടെ കണ്ണിൽ തെളിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. 18 വർഷം മുമ്പ് നടന്ന സംഭവങ്ങൾ ഇന്നലത്തെ പോലെ മനസിനെ ഭയപ്പെടുത്തിയിരുന്നതായി യുവാക്കൾ സഞ്ചാരികളോട് വെളിപ്പെടുത്തി. അന്ന് പേടിയോടെയാണ് അവർ കൊടൈക്കനാൽ വിട്ടതെങ്കിൽ ഇന്ന് അതിയായ സന്തോഷത്തിലാണ് ഈ യുവാക്കൾ നാട്ടിലേയ്ക്ക് മടങ്ങിയത്.