പൗരത്വ നിയമ ഭേദഗതി നടപ്പാക്കിക്കൊണ്ടുള്ള വിജ്‌ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതിഷേധവും വ്യാപകമാകുകയാണ്. ഇപ്പോൾ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് ആണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സാമൂഹിക ഐക്യം നിലനിൽക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കുന്ന സിഎഎ പോലുള്ള നിയമം നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് വിജയ് വ്യക്തമാക്കിയത്.
പാർട്ടി രൂപീകരിച്ച ശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് ഈ വിഷയത്തിൽ വിജയ് നടത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. സമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. വിജയിക്ക് പുറമെ രാജ്യവ്യാപകമായി വിവിധ രാഷ്ട്രീയ പാർട്ടികളും നിയമത്തെ എതിർക്കുകയാണ്.
ഈ ആഴ്‌ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക പ്രഖ്യാപനം. 2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ ഹിന്ദു, സിഖ്, ജെയിൻ, പാർസി ബുദ്ധ, ക്രിസ്‌ത്യൻ എന്നീ വിഭാഗക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെൻ്റ് പാസാക്കിയിരുന്നത്.