അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ നിർദേശം. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് വിവിധ കമ്പനികൾക്ക് നിർദേശം നൽകിയത്. ശക്തമായ മഴയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
രാജ്യത്ത് മാർച്ച് 10 (ഞായർ) വരെ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന് പുറമെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ന് അർദ്ധരാത്രിയോടെ മഴ പെയ്ത് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യത്തിൽ അത്യാവശ്യമില്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും വാഹന യാത്രക്കാൻ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി. ഈ കാലയളവിൽ അറേബ്യൻ കടലും ഒമാൻ കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും തീരദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.