വിശുദ്ധ മാസത്തിൽ എല്ലാ ദിവസവും ഇഫ്താർ സമയങ്ങളിൽ ദുബായിയുടെ വിവിധ ഭാഗങ്ങളിൽ ഇനി പീരങ്കി ശബ്ദം മുഴങ്ങും. ബാങ്ക് വിളിക്കാൻ ആധുനിക ഉപകരങ്ങളൊന്നുമില്ലാതിരുന്ന കാലത്താണ് നോമ്പുതുറ സമയം അറിയിക്കാൻ പീരങ്കി ഉപയോഗിച്ചിരുന്നത്. ആധുനികതയിലേക്കുള്ള കുതിപ്പിനിടയിലും പൈതൃകം കൈവിടാതെ സൂക്ഷിക്കുകയാണ് എമിറാത്തികൾ.
ദുബായിലെ ഏഴ് സ്ഥലങ്ങളിൽ പരമ്പരാഗത റംസാൻ പീരങ്കികൾ സ്ഥാപിക്കുമെന്നും ഒരു മൊബൈൽ പീരങ്കി 13 മേഖലകളിലേക്ക് സഞ്ചരിക്കുമെന്നും ദുബായ് പോലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രധാന പീരങ്കി എക്സ്പോ ദുബായിലും ആറെണ്ണം ഡമാക് ഹിൽസ്, വിദാ ക്രീക്ക് ഹാർബർ, ബുർജ് ഖലീഫ, മിർദിഫ് ഡൗൺടൗൺ, ഫെസ്റ്റിവൽ സിറ്റി, ഹത്ത ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും സ്ഥാപിക്കുമെന്ന് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു. ട്രാഫിക് ഓഫീസർ, സൈനികർ എന്നിവരടങ്ങുന്ന സംഘമാണ് പീരങ്കികൾ പ്രവർത്തിപ്പിക്കുക. 1956ൽ ധരിച്ച ദുബായ് പോലീസ് യൂണിഫോമാണ് എക്സ്പോ സിറ്റിയിലെ ക്രൂ ആദ്യമായി അണിയുന്നത്.