പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ സന്തോഷമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പത്മജയെ സ്വാഗതം ചെയ്ത ശോഭാ സുരേന്ദ്രൻ മുരളീധരനെ വിമർശിക്കാനും മറന്നില്ല. മുരളീധരനോട് ശക്തമായ മറുപടി പറയണമെന്നുണ്ട്. വേണ്ടെന്ന് വെയ്ക്കുന്നത് കുറച്ച് കഴിഞ്ഞാൽ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരനെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അതേസമയം കോൺഗ്രസിനെയും കരുണാകരനെയും ചതിച്ചയാളാണ് മുരളീധരൻ എന്ന് സുരേന്ദ്രൻ തുറന്നടിച്ചു. ആരെയും കറിവേപ്പില പോലെ ബിജെപി വലിച്ചെറിയില്ല. പാർട്ടിയിലേക്ക് വരുന്നവർക്ക് അർഹമായ പരിഗണന ഉറപ്പാണ്. ഇനിയും പലരും പാർട്ടിയിലേക്ക് വരും. അതുകൊണ്ടാണ് സീറ്റുകൾ പലതും ഒഴിച്ചിട്ടിരിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പത്മജയുടെ ബിജെപി പ്രവേശനത്തെ ഇപ്പോൾ എതിർക്കുന്ന പല നേതാക്കളും നേരത്തെ ബിജെപിയുമായി ചർച്ച നടത്തിയവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. പത്മജ സ്ഥാനാർഥിയാകുമോ എന്നത് ഇപ്പോൾ പറയാനാവില്ല. ബിജെപിയിൽ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനിൽ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു. എന്നാൽ കെ മുരളീധരന്റെ വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്നും നിരാശയിൽ നിന്നുള്ള വാക്കുകളാണ് മുരളീധരന്റേതെന്നും സുരേന്ദ്രൻ പറഞ്ഞു.