ബിഗ് സ്ക്രീനിലെ താരങ്ങളും ക്രിക്കറ്റ് ഗ്രൗണ്ടിലെ താരങ്ങളും ഒത്തുചേർന്ന ഗംഭീര മാമാങ്കത്തിന് തുടക്കമായി. ഇന്ത്യയിലെ ആദ്യ ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെന്റ് ആഘോഷമാക്കുകയാണ് സിനിമാ-ക്രിക്കറ്റ് താരങ്ങൾ. സൂപ്പർ താരങ്ങൾ ഒരുമിച്ച് ഗ്രൗണ്ടിലിറങ്ങിയപ്പോൾ കാണികൾ ആഹ്ലാദാരവം മുഴക്കുകയായിരുന്നു.
സച്ചിൻ തെൻഡുൽക്കർ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, രാം ചരൺ, സൂര്യ തുടങ്ങി വമ്പൻ താരനിര തന്നെയാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ക്രിക്കറ്റ് താരങ്ങളെയും സിനിമാ മേഖലയിലെ പ്രമുഖരെയും ഉൾപ്പെടുത്തി സൗഹൃദ മത്സരവും സംഘടിപ്പിച്ചു. മാസ്റ്റർ ഇലവനും ഖിലാഡി ഇലവനും തമ്മിലായിരുന്നു മത്സരം. ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ കളം നിറയാനെത്തിയപ്പോൾ ആരാധകർക്ക് അത് മനം കുളിർക്കുന്ന കാഴ്ചയായിരുന്നു.
നടൻ സൂര്യയ്ക്കെതിരെയായിരുന്നു സച്ചിന്റെ ആദ്യ ബൗളിങ്. തന്റെ എക്കാലത്തെയും ഇഷ്ട താരം പന്തെറിയുമ്പോൾ സന്തോഷവും ആകാംക്ഷയും അടക്കാനാകാത്ത അവസ്ഥയിലായിരുന്നു സൂര്യ. പിന്നീട് ബാറ്റ് കയ്യിലേന്തിയ സച്ചിൻ സിക്സറുകൾ പറപ്പിച്ചുകൊണ്ടേയിരുന്നു. 16 പന്തിൽ 30 റൺസെടുത്താണ് സച്ചിൻ പുറത്തായത്. സച്ചിന്റെ വിക്കറ്റ് ബിഗ്ബോസ് 17-ാം സീസൺ ജേതാവായ മുനവർ ഫറൂഖിയാണ് നേടിയത്. 10 ഓവറിൽ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ 6 റൺസിന് മാസ്റ്റർ ഇലവനാണ് ജയം ഉറപ്പിച്ചത്.
അക്ഷയ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ശ്രീനഗർ കെ വീർ, അമിതാഭ് ബച്ചൻ്റെ മജ്ഹി മുംബൈ, ഹൃതിക് റോഷന്റെ ബംഗളൂരു സ്ടിക്കേഴ്സ്, സൂര്യയുടെ ചെന്നൈ സിങ്കംസ്, രാം ചരണിന്റെ ഫാൽക്കൺ റൈസേഴ്സ് ഹൈദരാബാദ്, കരീന-സെയ്ഫ് അലിഖാൻ ദമ്പതികളുടെ ടൈഗേഴ്സ് ഓഫ് കൊൽക്കത്ത എന്നിവയാണ് ടൂർണമെൻ്റിലെ പ്രമുഖ ടീമുകൾ. മാർച്ച് 6 മുതൽ 15 വരെ മുംബൈയിലാണ് ഐഎസിഎൽ നടക്കുക.