യുഎഇയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയ്ക്കും ആലിപ്പഴ വർഷത്തിനും പിന്നാലെ വീണ്ടുമൊരു മഴ മുന്നറിയിപ്പ് കൂടി എത്തിയിരിക്കുകയാണ്. രാജ്യത്ത് വാരാന്ത്യത്തിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതായാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വകുപ്പ് വിലയിരുത്തുന്നത്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഇന്ന് പൊതുവെ മേഘാവൃതമായ അന്തരീക്ഷമാണ് യുഎഇയിൽ നിലനിൽക്കുന്നത്. ഇന്ന് പുലർച്ചെ, അബുദാബിയും അൽ ഐനും ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ നേരിയ മഴയും ലഭിച്ചിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇന്നും നാളെയും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. കൂടാതെ അറേബ്യൻ ഗൾഫിലെ കടലിൽ നേരിയ തോതിൽ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്.
വാരാന്ത്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഈ കാലയളവിൽ ജനങ്ങൾ താഴ്ന്നതോ വെള്ളക്കെട്ടുള്ളതോ ആയ പ്രദേശങ്ങളിലേയ്ക്ക് പോകരുതെന്നും വാഹന യാത്രക്കാർ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്.