ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഒരു റമദാൻ കാലം കൂടി വന്നെത്തുകയാണ്. വിശ്വാസികൾ നോമ്പനുഷ്ഠിക്കുന്നതിനായി കാത്തിരിക്കുമ്പോൾ യുഎഇയിൽ നോമ്പുതുറക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് അധികൃതർ. പള്ളികൾക്ക് സമീപവും പൊതുസ്ഥലങ്ങളിലും ഔക്കാഫിന്റെ നേതൃത്വത്തിൽ റംസാൻ തമ്പുകളാണ് ഒരുക്കുന്നത്.
ദേശത്തിന്റെയും ഭാഷയുടെയും അതിർവരുമ്പുകളില്ലാതെ ഇസ്‌ലാം വിശ്വാസികൾക്ക് ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്നതിനുള്ള സ്ഥലം എന്ന നിലയിലാണ് റമദാൻ തമ്പുകൾ സ്ഥാപിക്കുന്നത്. പ്രത്യേക അനുമതിയില്ലാതെ ആർക്കും നോമ്പുതുറ വേളയിൽ തമ്പുകളിൽ പ്രവേശിക്കാൻ സാധിക്കും. ഇവിടെയെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും തമ്പുകളിൽ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് വിവിധ എമിറേറ്റുകളിലെ ഗവൺമെന്റിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ റമദാൻ തമ്പുകൾ സ്ഥാപിക്കുന്നുണ്ട്. ഗവൺമെന്റ് സഹായത്തിൽ പ്രവർത്തിക്കുന്ന തമ്പുകളിൽ റമദാൻ മാസം മുഴുവൻ നോമ്പുതുറയുടെ ഭാഗമായി എത്തുന്നവർക്ക് ആഹാരവും നൽകും. നോമ്പ് അവസാനത്തോടടുക്കുമ്പോൾ തമ്പുകളിൽ വിശ്വാസികൾ പ്രാർത്ഥനകളുമായി കൂടുതൽ സമയം ചെലവഴിക്കാറുമുണ്ട്.