യുഎഇയിൽ റമദാനിന് മുന്നോടിയായി വമ്പൻ വിലക്കുറവെത്തി. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവശ്യവസ്തുക്കൾക്ക് 80ശതമാനം വരെയാണ് വിലക്കുറവ് നൽകിയിരിക്കുന്നത്. അതോടൊപ്പം വിവിധ ഗിഫ്റ്റ് കാർഡുകളും വിലയേറിയ സമ്മാനങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ, സർക്കാർ പിന്തുണയുള്ള ഹൈപ്പർമാർക്കറ്റ് ഓപ്പറേറ്റർമാരും റീട്ടെയിലർമാരും ആയിരത്തിലധികം അവശ്യവസ്തുക്കൾക്ക് 75 ശതമാനം വരെയാണ് കിഴിവ് വാഗ്ദാനം ചെയ്യുന്നത്. അരി, പാൽ, എണ്ണ എന്നിവയുൾപ്പെടെ 100 അവശ്യ വസ്തുക്കളുടെ വിലയാണ് കുത്തനെ കുറച്ചത്. ഹൈപ്പർമാർക്കറ്റ് ഓപ്പറേറ്ററായ ലുലു ഗ്രൂപ്പും റമദാൻ ഓഫർ നല്കുന്നുണ്ട്. ശീതീകരിച്ചതുമായ ഭക്ഷണം, പാചക എണ്ണ, അരി, പയർവർഗ്ഗങ്ങൾ, കോഴി, സുഗന്ധവ്യഞ്ജനങ്ങൾ, പാലുൽപ്പന്നങ്ങൾ, പാചക സാമഗ്രികൾ തുടങ്ങി നിരവധി അവശ്യവസ്തുക്കളിൽ 70 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മാജിദ് അൽ ഫുത്തൈമിൻ്റെ ഉടമസ്ഥതയിലുള്ള കാരിഫോറും റമദാൻ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദൈനംദിന അവശ്യവസ്തുക്കൾ, ഭക്ഷണം വസ്തുക്കൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെ 5,000 ഇനങ്ങളിൽ 50 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്. സ്വകാര്യ ചില്ലറ വ്യാപാരികൾക്ക് പുറമെ സർക്കാർ പിന്തുണയുള്ള സഹകരണ സ്ഥാപനങ്ങളും റമദാൻ കാമ്പെയ്‌നിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള യൂണിയൻ കോപ്പ് റമദാൻ മാസത്തിൽ 50 ശതമാനം മുതൽ 75 ശതമാനം വരെ വിലക്കിഴിവ് നൽകും. ഷാർജ സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ എമിറേറ്റിൽ 10,000 ഇനങ്ങളുടെ വില 80 ശതമാനം കുറച്ചിരുന്നു.