ജനപ്രതിനിധികൾ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് സുപ്രീംകോടതി. അഴിമതിക്ക് സാമാജികർക്ക് പ്രത്യേക പാർലമെന്ററി പരിരക്ഷയില്ലെന്നും കോടതി വ്യക്തമാക്കി.
വോട്ടിന് കോഴയിൽ ജനപ്രതിനിധികളെ വിചാരണയിൽ നിന്നും ഒഴിവാക്കിയ 1998 ലെ വിധി സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 1998 ലെ പി വി നരസിംഹ റാവു കേസിലെ വിധിയാണ് സുപ്രീംകോടതിയിലെ ഏഴംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിച്ചത്. നിയമ സഭയിലോ ലോക്സഭയിലോ പണം വാങ്ങി വോട്ടു ചെയ്താൽ ഭരണഘടനയുടെ ആർട്ടിക്കിൾ 105 (2), ആർട്ടിക്കിൾ 194 പ്രകാരം പരിരക്ഷയുണ്ടെന്നായിരുന്നു നരസിംഹറാവു കേസിലെ വിധി. നിയമസഭയിലോ ലോക്സഭയിലോ കോഴ വാങ്ങി വോട്ടു ചെയ്യുന്ന എം എൽ എമാർക്കും എം പിമാർക്കും ക്രിമിനൽ കേസുകളിൽ നിയമ പരിരക്ഷയുണ്ടെന്ന വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
എംപിക്കും എംഎൽഎമാർക്കും പാർലമെന്ററി പരിരക്ഷ ലഭിക്കുന്നുണ്ട്. അത് കൈക്കൂലി വാങ്ങുന്നതിനുള്ള സംരക്ഷണമല്ല. മാത്രമല്ല, സാമാജികർ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നതോ പ്രസംഗിക്കുന്നതോ ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇത്തരത്തിൽ ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത നടപടികൾക്ക് അംഗീകരിക്കാനാകില്ലെന്നും പ്രത്യേക പരിരക്ഷ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യം ആണെന്നും അതിന് ജനപ്രതിനിധി എന്ന നിലയിൽ പരിരക്ഷ അവകാശപ്പെടാൻ കഴിയില്ലെന്നും സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.