പൂക്കോട് വെറ്ററിനിറി കോളേജിൽ വിദ്യാർഥിയായ സിദ്ധാർഥൻ്റെ മരണത്തിൽ പ്രതികരണവുമായി സിനിമാ താരങ്ങൾ രംഗത്ത്. കരുണ ഇല്ലാത്ത കോളേജ് റാഗിങ് ദയവ് ചെയ്തു നിർത്തൂ എന്നാണ് നടി നവ്യാ നായർ പ്രതികരിച്ചത്. ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നവ്യയുടെ ഹൃദയഭേദകമായ പ്രതികരണം.
അതേസമയം, കൂടെ ഉള്ള ഒരാളെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറുവിരൽ പോലും അനക്കാതെ നോക്കി നിന്ന കുട്ടികൾ എന്താണ് പഠിച്ചതെന്ന് നടി മഞ്ജു സുനിച്ചൻ ചോദിച്ചു. കുറ്റവാളികളെ മുഖം നോക്കാതെ ശിക്ഷിക്കണമെന്നും മഞ്ജു ഫെയ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
നവ്യ നായർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
“RIP Sidharth ..
എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ ഓരോ മാതാപിതാക്കളും പഠിക്കാൻ വിടുന്നത്. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ. ഇത്ര മനുഷ്യത്വം ഇല്ലാത്തവരായി മാറിയോ നമ്മുടെ കുട്ടികൾ. ഞങ്ങൾ മാതാപിതാക്കൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, ദയവ്കൊ ചെയ്ത് കൊല്ലരുതേ…
ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
NB-ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ
മഞ്ഞു പത്രോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
പറയാതിരിക്കാൻ വയ്യ… ഇതാണോ കലാലയ രാഷ്ട്രീയം… ഇതിനാണോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ… ഇതാണോ നിങ്ങൾ ഇത്രയും കാലം പഠിച്ചത്…നിങ്ങൾ ഇപ്പോഴും ആരോപിക്കുന്ന ( മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ. കൂടെയുള്ളൊരാളെ ചവിട്ടി നോവിക്കുമ്പോൾ, അടിച്ചു കൊല്ലുമ്പോൾ ഒരു ചെറുവിരൽ പോലും അനക്കാതെ നോക്കി നിന്ന നിങ്ങൾ എന്താണ് പഠിച്ചത്. കുറ്റബോധം തോന്നുന്നില്ലേ. ഇതിന് എന്ത് പ്രതിവിധിയാണ് പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനത്തിനും കോളേജ് അധികൃതർക്കും നൽകാനുള്ളത്. ആ അമ്മയ്ക്കും അച്ഛനും സുഹൃത്തുക്കൾക്കും എന്ത് മറുപടി കൊടുക്കും നിങ്ങൾ. കുറ്റവാളികൾക്ക് മുഖം നോക്കാതെ ശിക്ഷ വിധിക്കണം, നടപ്പിലാക്കണം. ഇവർക്ക് മാപ്പില്ല…