ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ അബുദാബിയിലെ ഇന്ത്യൻ പ്രവാസിയ്ക്ക് ഒരു മില്യൺ ഡോളർ സമ്മാനമായ് ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ ഫൈനലിൻ്റെ സമ്മാനദാന ചടങ്ങിന് ശേഷമായിരുന്നു നറുക്കെടുപ്പ്. ഫൈനലിൽ അലക്‌സാണ്ടർ ബബ്‌ലിക്കിനെ തോൽപ്പിച്ച് കന്നി ദുബായ് കിരീടം നേടിയ ഫ്രഞ്ച് ടെന്നീസ് താരവും ടൂർണമെൻ്റിലെ ചാമ്പ്യനുമായ യുഗോ ഹമ്പർട്ടാണ് വിജയിയെ കണ്ടെത്തിയത്.
ഫെബ്രുവരി 21-ന് ഓൺലൈനിൽ വാങ്ങിയ 0971 എന്ന ടിക്കറ്റ് ഉപയോഗിച്ച് അബുദാബിയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ സുനിൽ നയ്യാർ മില്ലേനിയം മില്യണയർ സീരീസ് 452 ലെ ഏറ്റവും പുതിയ കോടീശ്വരനായി മാറി. 39 വർഷമായി അബുദാബിയിൽ താമസിക്കുന്നയാളാണ് സുനിൽ നയ്യാർ. 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന നയ്യാർ ഒരു ഇൻഷുറൻസ് കമ്പനിയിൽ സീനിയർ കൺസൾട്ടൻ്റായി ജോലി ചെയ്യുകയാണ്. ‘നന്ദി, ദുബായ് ഡ്യൂട്ടി ഫ്രീ. ഞാൻ വളരെക്കാലമായി നിങ്ങളുടെ പ്രമോഷനായി ടിക്കറ്റ് വാങ്ങുന്നു, ഒരു ദിവസം ഞാൻ വിജയിക്കുമെന്ന പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെട്ടില്ല, ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു ‘, തൻ്റെ വിജയത്തെക്കുറിച്ച് നയ്യാർ പറഞ്ഞു.
സമ്മാനമായ് ലഭിച്ച തുക ഇപ്പോൾ യുകെയിൽ എയ്‌റോസ്‌പേസ് പഠിക്കുന്ന മകൻ്റെ വിദ്യാഭ്യാസത്തിനായി ചിലവിടും, മാത്രമല്ല എൻ്റെ വിരമിക്കലിന് ഉടൻ പണം ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 1 മില്യൺ ഡോളർ നേടിയ 225-ാമത്തെ ഇന്ത്യൻ പൗരനാണ് ഡൽഹി സ്വദേശിയായ സുനിൽ നയ്യാർ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണെന്നതും പ്രത്യേകതയാണ്.