യുഎഇ ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് നാലിന്റെ പ്രവർത്തനം ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ അറിയിച്ചു. അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ന്യൂക്ലിയർ എനർജി പ്ലാന്റാണ് ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റ്. ആണവോർജ്ജനിലയത്തിലെ യൂണിറ്റ് നാലിലെ ആണവ റിയാക്ടറാണ് വിജയകരമായി പ്രവർത്തിപ്പിച്ചത്.
ഇതിന് മുമ്പ് ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിൽ മൂന്ന് യൂണിറ്റുകളാണ് പ്രവർത്തിച്ചുവരുന്നത്. ഈ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 3-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 2022 ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. യൂണിറ്റ് 3-ലെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യുഎഇയുടെ ദേശീയ വൈദ്യുതി ഗ്രിഡിലേക്ക് 1,400 മെഗാവാട്ട് സീറോ-കാർബൺ എമിഷൻ വൈദ്യുതി അധികമായി ലഭ്യമായിരുന്നു. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1, യൂണിറ്റ് 2 എന്നിവയിൽ 1,400 മെഗാവാട്ട് വീതമുള്ള വൈദ്യുതി ഉല്പാദനം ഇതിന് മുമ്പ് ആരംഭിച്ചിരുന്നു.
യൂണിറ്റ് നാല് പ്രവർത്തനം ആരംഭിച്ചതോടെ റിയാക്ടറിൽ നിന്ന് താപോർജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയയ്ക്കും തുടക്കമാകും. അതിലൂടെ ജലം നീരാവിയാക്കിയ ശേഷം നീരാവിയുടെ സഹായത്തോടെ വൈദ്യുതി ഉത്പാദനത്തിനുള്ള ടർബൈനിന്റെ പ്രവർത്തനങ്ങളും നടപ്പിലാക്കും. നവാഹ് എനർജി കമ്പനിയുടെ കീഴിലാണ് ബറാഖ ആണവോർജ്ജനിലയം പ്രവർത്തിക്കുന്നത്. യുഎഇയിലെയും അറബ് ലോകത്തിലെയും ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവ നിലയമാണ് ബറാഖ.