ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി കയ്യടി നേടുകയാണ് ഒരു 13-കാരൻ. രോഗബാധിതരായി വീൽചെയറിൽ ജീവിതം ചിലവഴിക്കേണ്ടിവരുന്നവർക്ക് സഹായകമാകുന്ന ഒരു കണ്ടുപിടിത്തവുമായാണ് യുഎഇ ഇന്നൊവേറ്റ്സ് എക്സിബിഷനിൽ അലി ഹുമൈദ് അല്ലോഖാനി എത്തിയത്. തന്റെ വളരെ കാലത്തെ കഠിനാധ്വാനത്തിന്റെ ഫലം വേദിയിൽ അവതരിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് അവൻ ജനശ്രദ്ധ നേടുകയും ചെയ്തു.
കൈകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വീൽ ചെയറുകൾ നാം കണ്ടിട്ടുണ്ടാകാം. എന്നാൽ സ്മാർട്ട് ഗ്ലൗസ് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന വീൽ ചെയറിനേക്കുറിച്ച് കേട്ടിട്ടുണ്ടോ. എങ്കിൽ അത്തകത്തിൽ ഒന്നാണ് അലി നിർമ്മിച്ചിരിക്കുന്നത്. പഴയ കളിപ്പാട്ടത്തിൻ്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് സ്മാർട്ട് ഗ്ലൗസ് കൊണ്ട് നിയന്ത്രിക്കാവുന്ന വീൽചെയർ നിർമ്മിച്ചത് എന്നതാണ് എടുത്തുപറയേണ്ടത്. ദുരസ്ഥലങ്ങളിൽ നിന്ന് വരെ ഇത് നിയന്ത്രിക്കാൻ സാധിക്കും. അതായത് വീൽ ചെയർ മറ്റൊരു സ്ഥലത്താണ് ഇരിക്കുന്നതെങ്കിലും ചെയർ ആവശ്യമുള്ളപ്പോൾ മറ്റാരുടെയും സഹായം ആഭ്യർത്ഥിക്കേണ്ട ആവശ്യമില്ല. സ്മാർട്ട് ഗ്ലൗസ് ഉപയോഗിച്ച് വീൽചെയർ സ്വന്തമായി അടുത്തേക്ക് കൊണ്ടുവരാൻ സാധിക്കും.
എമിറേറ്റ്സ് സയൻസ് ക്ലബ്ബിൻ്റെ (ഇഎസ്സി) ഭാഗമായാണ് അലി യുഎഇ ഇന്നൊവേറ്റ്സ് എക്സിബിഷനിൽ പങ്കെടുത്തത്. തനിക്ക് ആറ് വയസുള്ളപ്പോൾ ക്ലബ്ബിൽ അംഗമായതിന് ശേഷം ഇതുവരെ 14 പ്രോജക്റ്റുകളാണ് തയ്യാറാക്കിയത്. തന്റെ ജീവിതത്തിലെ ഓരോ അനുഭവങ്ങളിൽ നിന്നുള്ള ആശയങ്ങളാണ് അലിയെ പുതിയ കണ്ടുപിടിത്തം നടത്താൻ പ്രേരിപ്പിക്കുന്നത്. തയ്യാറാക്കുന്ന ഒരോ ഉപകരണങ്ങളും ആവശ്യമുള്ളവർക്ക് അലി നൽകാറുമുണ്ട്. ഒരു ശാസ്ത്രജ്ഞനും ബഹിരാകാശ യാത്രികനുമാകണമെന്ന സ്വപ്നവുമായാണ് ഈ 13-കാരൻ ഇപ്പോൾ മുന്നോട്ടുപോകുന്നത്.