വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കുമുള്ള ഒരു സന്തോഷ വാർത്തയാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വനിതാ ടെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റ് നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 28-ന് പൂനെയിൽ വെച്ചാണ് സീനിയർ ഇന്റർ സോൺ ത്രിദിന ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുക.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക. ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത്, സെൻട്രൽ, നോർത്ത്-ഈസ്റ്റ് സോണുകളായി തിരിഞ്ഞാണ് ടീമുകൾ ഏറ്റുമുട്ടാനിറങ്ങുന്നത്. മൂന്ന് ദിവസങ്ങളിലായാകും ഓരോ മത്സരവും നടത്തപ്പെടുക. ഇത്തരത്തിൽ ഓരോ ടീമിനും അഞ്ച് മത്സരങ്ങളാകും ഉണ്ടാകുക. ഏപ്രിൽ ഒൻപതിനാണ് ഫൈനൽ പോരാട്ടം നടക്കുക.
ഇതിന് മുൻപ് 2018-ലാണ് വനിതകൾക്കായുള്ള ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് നടത്തിയത്. കഴിഞ്ഞ ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിത ടീം ജയിച്ചതിന് പിന്നാലെയാണ് ആഭ്യന്തര റെഡ് ബോൾ ക്രിക്കറ്റ് വീണ്ടും നടത്താൻ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ വനിതാ ക്രിക്കറ്റിന്റെ ഭാവി കുറച്ചുകൂടി തെളിയുമെന്നാണ് വിലയിരുത്തൽ.