യുഎഇയിൽ മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അഞ്ച് നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞു വയ്ക്കുമെന്ന് മുന്നറിയിപ്പ്. നിയമലംഘനം പൂർണമായി നീക്കിയതിന് ശേഷം മാത്രമേ പിന്നീട് സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു എന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യവും നിഷ്പക്ഷവും ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
പരാതി നൽകാൻ പ്രത്യേക അവസരം
മനുഷ്യക്കടത്ത് ആരോപിച്ച സ്ഥാപനത്തിനെതിരെയുള്ള വിധി വന്ന് രണ്ട് വർഷത്തിനുശേഷമേ സസ്പെൻഷൻ നീക്കുകയുള്ളു. ഇതിനുള്ളിൽ സ്ഥാപനം പിഴ അടച്ചിരിക്കേണ്ടത് നിർബന്ധമാണ്. മറ്റു നിയമ ലംഘനങ്ങളിൽ ആറ് മാസത്തിനകം പ്രശ്നം പരിഹരിക്കുകയാണെങ്കിൽ സസ്പെൻഷൻ നീക്കും. നടപടിക്കെതിരെ പരാതി ബോധിപ്പിക്കാനും സ്ഥാപനങ്ങൾക്ക് അവസരമുണ്ട്.
ഗുരുതരമായ അഞ്ച് നിയമലംഘനങ്ങൾ ഇവയാണ്
1) മന്ത്രാലയത്തിന്റെ സേവന ഫീസ്/പിഴ കൃത്യമായി അടയ്ക്കാതിരിക്കുന്നത് നിയമലംഘനമാണ്
2) തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന താമസ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്നത് കുറ്റകരമാണ്
3) സ്ഥാപനത്തിന് എതിരെ മനുഷ്യക്കടത്ത് ആരോപണം തെളിയിക്കുക
4) മന്ത്രാലയവുമായുള്ള ഇലക്ട്രോണിക് ബന്ധം ദുരുപയോഗം ചെയ്യുന്നത് നിയമലംഘനമാണ്
5) സ്വദേശിവൽക്കരണ അനുപാതത്തിൽ കൃത്രിമം കാട്ടുകയോ നടപടിക്രമങ്ങളിൽ പൊരുത്തക്കേട് ഉണ്ടാവുകയോ ചെയ്താൽ നടപടി നേരിടേണ്ടി വരും