യുഎഇയിൽ താപനില ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. റാസൽഖൈമയിലെ ജബൽ ജെയ്സിലാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 2.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
കൂടാതെ മറ്റ് പല സ്ഥലങ്ങളിലും താരതമ്യേന കുറഞ്ഞ താപനിലയായിരുന്നു ഇന്നുണ്ടായിരുന്നത്. ഫുജൈറയിലെ മെബ്രെഹ് പർവതനിരയിൽ 5.2 ഡിഗ്രി സെൽഷ്യസും റാസൽഖൈമയിലെ ജബൽ അൽ റഹ്ബയിൽ 5.5 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. ഈ സീസണിൽ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയാണുണ്ടാകുക എന്ന അധികൃതരുടെ നിർദേശത്തേത്തുടർന്ന് നിവാസികൾ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് പെയ്ത ശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അതിനാൽ അപ്രതീക്ഷിതമായി ആലിപ്പഴ വർഷമുണ്ടായാൽ വാഹനങ്ങളെ സുരക്ഷിതമാക്കുന്നതിനായി അൽഐനിൽ ഇന്ന് രാവിലെ ജനങ്ങൾ കാറുകളെ മെത്തകളും പരവതാനികളും ഉപയോഗിച്ച് പൊതിഞ്ഞ് സുരക്ഷിതമായാണ് സുക്ഷിച്ചിരുന്നത്. വരാനിരിക്കുന്ന പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വാഹനങ്ങൾ സുരക്ഷിതമാക്കാൻ അധികൃതർ ഇന്നലെ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഈ നടപടി.