സിനിമാ ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ദൃശ്യം. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ഇതുവരെ എട്ട് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ദൃശ്യം. ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് ചിത്രം. മലയാളം ഫിലിം ഇന്‍ഡസ്ട്രി അനലിസ്റ്റായ എ.ബി ജോര്‍ജ്ജ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ദൃശ്യം നിര്‍മ്മിച്ചത്. 2013 ഡിസംബര്‍ 19 ന് കേരളത്തില്‍ റിലീസ് ചെയ്ത ദൃശ്യം മറ്റ്മി ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ബോക്സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രം കൂടിയാണിത്. ലോകമെമ്പാടും 75 കോടിയിലധികം നേടിയ ചിത്രം തിയേറ്ററുകളില്‍ 150 ദിവസത്തിലധികം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റ് നാല് ഇന്ത്യന്‍ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തു. കന്നഡയില്‍ ദൃശ്യ (2014),തെലുങ്കില്‍ ദൃശ്യം (2014), തമിഴില്‍ പാപനാശം (2015), ഹിന്ദിയില്‍ ദൃശ്യം (2015) എന്ന പേരുകളില്‍ തന്നെയായിരുന്നു റീമേക്ക് ചെയ്തത്.
അതേസമയം സിംഹള ഭാഷയില്‍ ‘ധര്‍മ്മയുദ്ധയ’ എന്ന പേരിലും ചൈനീസ് ഭാഷയില്‍ ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതുവഴി ചൈനയിലെ മെയിന്‍ലാന്‍ഡില്‍ റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതിയും ചിത്രം നേടി. കൂടാതെ കൊറിയൻ ഭാഷയിലും ഇന്തോനേഷ്യൻ ഭാഷയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മീന ,അന്‍സിബ ഹസ്സന്, എസ്തര് അനില്‍, റോഷന് ബഷീര്‍ , കലാഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ദിഖ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.