ബാലതാരമായി വന്ന് സിനിമാലോകത്ത് നായിക നിരയിലേക്ക് ഉയർന്ന അഭിനേത്രിയാണ് മീന. തെന്നിന്ത്യൻ ഭാഷകളിലെല്ലാം മികച്ച വേഷം ചെയ്ത മീന 42 വർഷമായി അഭിനയരംഗത്ത് സജീവമാണ്. ആനന്ദപുരം ഡയറീസ് ആണ് മീനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമയെക്കുറിച്ച് താരം മനസ്സു തുറക്കുകയാണ്.
‘നിർമാതാവ് ശശി നായരാണ് എന്നെ വിളിച്ച് ആനന്ദപുരം ഡയറിസീന്റെ കഥ പറയുന്നത്. കേട്ടപ്പോൾ തന്നെ ചെയ്യാമെന്ന് തോന്നിയിരുന്നുവെന്ന് മീന പറയുന്നു. ബോൾഡായ, കരുത്തയായ, പ്രചോദനം നൽകുന്ന കഥാപാത്രമാണ്. ഇതുപോലുള്ള കഥാപാത്രം ഞാനിതുവരെ മലയാളത്തിൽ ചെയ്തിട്ടില്ലെന്നും താരം പറയുന്നു. പകുതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാൻ എത്തുന്ന വിദ്യാർഥിയുടെ കഥാപാത്രത്തെയാണ് മീന അവതരിപ്പിക്കുന്നത്.
ഒരു കോളേജ് കാമ്പസിലായിരുന്നു ഷൂട്ടിങ്. ഒരു കോളേജ് വിദ്യാർഥിയുടെ കഥാപാത്രം ചെയ്യുന്നത് എന്റെ സ്വപ്നമായിരുന്നു. ഞാനിതുവരെ ഒരു കോളേജ് കണ്ടിട്ടുമില്ല, അവിടെ പോയിട്ടുമില്ല. അതുകൊണ്ടു തന്നെ കോളേജ് കാമ്പസിലെ ചിത്രീകരണം എന്നെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരുന്നു. ക്ലാസ് റുമും കോറിഡോറും കഫേറ്റിയയുമെല്ലാം കണ്ടപ്പോൾ എനിക്കെന്റെ സ്കൂൾ കാലഘട്ടമാണ് ഓർമ വന്നത്.
ആദ്യമായി ഞാൻ ഒരു വക്കീലിന്റെ കഥാപാത്രം ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയ ഈ സിനിമയ്ക്കുണ്ട്. ഇതുവരെ നിങ്ങൾ കണ്ട മീനയല്ല, ഈ മീന എന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും താരം പറയുന്നു.