ക്രിക്കറ്റ് താരങ്ങൾക്ക് സന്തോഷ വാർത്തയുമായി ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാർക്കുള്ള മാച്ച് ഫീസ് വർധിപ്പിക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ജനപ്രീതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന് പുതുജീവൻ നൽകുന്നതിന്റെ ഭാഗമായാണ് നടപടി.
കളിക്കാരിൽ ആഭ്യന്തര ക്രിക്കറ്റിനോടുള്ള താത്പര്യം കുറഞ്ഞുവരികയും ഐ.പി.എല്ലിന് മുൻഗണന നൽകുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ടെസ്റ്റിൽ കളിക്കുന്നവരുടെ പ്രതിഫലം കൂട്ടാനുള്ള തീരുമാനം. വർഷത്തിലെ എല്ലാ ടെസ്റ്റ് പരമ്പരകളിലും കളിക്കുന്ന താരങ്ങൾക്ക് പ്രതിഫലത്തിന് പുറമെ ബോണസും നൽകുമെന്നാണ് വിവരം.
പുതിയ തീരുമാനപ്രകാരം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരുടെ പ്രതിഫലം എത്രയാണെന്ന് വ്യക്തമല്ല. എന്നാൽ നിലവിൽ ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപവെച്ചാണ് ഓരോ കളിക്കാർക്കും ബി.സി.സി.ഐ നൽകിവരുന്നത്. ഏകദിനത്തിന് ആറ് ലക്ഷവും ടി20 മത്സരത്തിന് മൂന്ന് ലക്ഷവും പ്രതിഫലമായി താരങ്ങൾക്ക് നൽകുന്നുണ്ട്.