ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ വന്നപ്പോൾ മുതൽ ഉയർന്ന് കേൾക്കുന്ന പേരാണ് നടി ശോഭനയുടേത്. താരം തിരുവന്തപുരത്ത് മത്സരിക്കുന്നു എന്ന വിധത്തിൽ ചർച്ചകളും നടന്നിരുന്നു. എന്നാൽ പിന്നീട് ശോഭന മത്സരിക്കുന്നില്ല എന്ന വാർത്തയും പുറത്തുവന്നിരുന്നു. ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയായി ശോഭന തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.
ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭനയെന്നും തിരഞ്ഞെടുപ്പിൽ താരം മത്സരിക്കണമെന്നത് സംബന്ധിച്ച ചർച്ചകൾ നടന്നതായും സുരേഷ് വെളിപ്പെടുത്തി. “ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭന ബിജെപി സ്ഥാനാർത്ഥിയാകണം. തിരുവനന്തപുരത്ത് നിന്ന് അവർ മത്സരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേയ്ക്ക് വരുന്നു എന്ന വിധത്തിലുള്ള വാർത്തകൾ ഉയർന്നത്. മോദിയുടെ നേതൃത്വത്തിൽ വനിതാസംവരണ ബിൽ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമെന്നും ഇതിന് മുൻപ് ഇത്ര വലിയ വനിതാ സംഗമം കണ്ടിട്ടില്ലെന്നും വേദിയിൽ വെച്ച് ശോഭന പറയുകയും ചെയ്തിരുന്നു. എന്തായാലും സുരേഷ് ഗോപിയുടെ ഈ വാക്കുകളോടെ ശോഭന രാഷ്ട്രീയത്തിലേയ്ക്ക് വരുമോ എന്ന ചർച്ചകൾ വീണ്ടും ചൂടുപിടിക്കുകയാണ്.