സൈബർ തട്ടിപ്പിൽ കുടുങ്ങിയ മലയാളി പ്രവാസി ദമ്പതികൾക്ക് നഷ്ടമായത് മുന്നേകാൽ ലക്ഷം രൂപ. അബുദാബിയിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് പണം നഷ്ടമായത്.
ദുബായിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കാൻ ശ്രമിക്കവേയാണ് പ്രമോദിന് പണം നഷ്ടമായത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചപ്പോള്‍ തട്ടിപ്പിന് ഇരയാവുകയായിരുന്നു. നിരക്കിളവ് ഓഫർ ചെയ്ത വ്യാജ വെബ്‌സൈറ്റിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. 7,747 ദിര്‍ഹവമാണ് നഷ്ടം. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. അബുദാബി അഡ്‌നോകിലെ ജീവനക്കാരനാണ് പ്രമോദ്.
ഭർത്താവിൻ്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി ഏറെ സമയം കഴിയും മുമ്പേ അബുദാബി ആസ്റ്റർ ആശുപത്രിയിലെ ജീവനക്കാരിയായ രേവതിക്കും തട്ടിപ്പ് സംഘത്തിൻ്റെ ഫോൺ വിളിയെത്തി. ദുബായ് പൊലീസിൻ്റെ പേരിലാണ് വിളിയെത്തിയത്. ക്രെഡിറ്റ് കാർഡ് നമ്പരും കാലാവധിയും എമിറേറ്റ്സ് െഎഡി നമ്പരുമെല്ലാം കൃത്യമായി പറഞ്ഞ് വിശ്വാസം വരുത്തിയ ശേഷം തന്ത്രപൂർവ്വം ഒടിപി നമ്പർ ചോദിച്ചറിയുകയായിരുന്നു.