തവളകൾ നമുക്ക് സുപരിചിതമാണ്. പല വലുപ്പത്തിലും നിറത്തിലുമുള്ള തവളകളെ പല സ്ഥലങ്ങളിലും നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു പയറുമണിയോളം മാത്രം വലുപ്പമുള്ള തവളകളേക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും ചെറിയ തവളയായ ടീനി ടൈനി ഫ്ളിയ ടോഡിന് പയറുമണിയുടെ അത്രയും വലുപ്പമേ ഉള്ളു. ലോകത്തെ ഏറ്റവും ചെറിയ കശേരുക്കളുള്ള ജീവി കൂടിയാണ് ഈ തവളകൾ.
ഈ വർഗത്തിലുള്ള ആൺ തവളകൾക്ക് ശരാശരി 7 മില്ലിമീറ്റർ നീളവും പെൺ തവളകൾക്ക് 8 മില്ലിമീറ്റർ നീളവും മാത്രമാണുള്ളത്. 2011ലാണ് ബ്രസീലിലെ തെക്കൻ ബഹിയ മേഖലയിൽ വെച്ച് ഫ്ളിയ ടോഡ് വംശത്തിലുള്ള ഈ തവളകളെ കണ്ടെത്തുന്നത്. ഇതോടെ ഏറ്റവും ചെറിയ തവളയായി അതുവരെ കണക്കാക്കിയിരുന്ന പെഡ്രോഫൈൻ അമാവെൻസിസിന്റെ ഒന്നാം സ്ഥാനവും തെറിച്ചു.
ഈ കുഞ്ഞൻ തവള ബ്രസീലിയൻ റിയാലിന്റെ മുകളിലിരിക്കുന്ന ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപ്പോൾ ഏകദേശം ഇവയുടെ വലുപ്പം ഊഹിക്കാൻ സാധിക്കുമല്ലോ. ഇത്രയും ചെറിയ തവളകളെ കണ്ടതിന്റെ അത്ഭുതത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.