വിദേശത്ത് ചികിത്സ തേടുന്നവർക്ക് വേണ്ടിയുള്ള സേവനങ്ങളും അനുബന്ധ വിവരങ്ങളും കൈമാറുന്നതിന് പ്രത്യേക ഓൺലൈൻ പോർട്ടൽ സ്ഥാപിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പൗരന്മാർക്ക് വിദേശരാജ്യങ്ങളിൽ ഏറ്റവും മികച്ച ചികിത്സ സേവനങ്ങൾ ഉറപ്പാക്കുന്നതിനും, ചികിത്സനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്.
ഖത്തർ നാഷണൽ ഡെവലപ്മെന്റ് സ്ട്രാറ്റജിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ. വിദേശ രാജ്യങ്ങളിൽ ചികിത്സ തേടുന്നവർന്ന് നിരവധി സേവനങ്ങൾ ഈ പോർട്ടൽ വഴി സാധ്യമാവും. വിദേശത്തുള്ള രോഗിയുടെ ചികിത്സ കവറേജ്, വിദേശ ചികിത്സ അനുമതിയുടെ ഫോളോ അപ്പ്, ചികിത്സ ചെലവുകൾക്കുള്ള നഷ്ടപരിഹാരത്തുക, ചികിത്സ സമിതിയുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കൽ തുടങ്ങിയ സംവിധാനങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കൂട്ടുവരുന്നവരുടെ വിശദാംശങ്ങൾ ചേർക്കുക, ടിക്കറ്റുകൾ അപ്ഗ്രേഡ് ചെയ്യുക, ചികിത്സ തേടുന്ന രാജ്യം മാറ്റാനുള്ള സൗകര്യമേർപ്പെടുത്തുക, വിദേശത്ത് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന ബുക് ലെറ്റുകൾ തയാറാക്കുക, അപേക്ഷയുടെ സ്ഥിതിയും തീരുമാനങ്ങളും അറിയൽ എന്നീ സൗകര്യങ്ങളും ഈ പോർട്ടലിലുണ്ട്.
ഖത്തർ പൗരന്മാർക്ക് വിദേശത്തും സ്വദേശത്തും ലഭ്യമാക്കുന്ന സൗജന്യ ചികിത്സയും അനുബന്ധ സേവനങ്ങളും കുറ്റമറ്റതാക്കുകയും, തുടർ നടപടികൾ കൂടുതൽ ലളിതമാക്കുകയുമാണ് ഇലക്ട്രോണിക് സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വിദേശ ചികിത്സ വിഭാഗം മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് ഡയറക്ടർ ഡോ. ഗാലിയ അൽ ഹറമി അറിയിച്ചു. പൗരന്മാർക്ക് വിദേശചികിത്സ നടപടികൾ എളുപ്പമാക്കുന്നതിന് പുതിയ പോർട്ടൽവഴി കഴിയുമെന്ന് എം.ഒ.പി.എച്ച് ഇഫർമേഷൻസ് സിസ്റ്റം ഡിപ്പാർട്സ് ഡയറക്ടർ സാമിറ ബഷ്റഹീലും പറഞ്ഞു.