അബുദാബിയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നഗരസഭ. എമിറേറ്റിലെ പല റോഡുകളുടെയും വേഗപരിധി അധികൃതർ ഇപ്പോൾ കുറച്ചിരിക്കുകയാണ്. വേഗത കുറച്ച റോഡുകളുടെ തുടക്കത്തിൽ ചുവപ്പിൽ വെള്ള അക്ഷരത്തിൽ വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് മനസിലാക്കി വാഹനമോടിക്കണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
വേഗപരിധി കുറച്ച റോഡുകളും അവയിലെ വേഗതയും എത്രയാണെന്ന് നോക്കാം.
• അബുദാബി-അൽഐൻ റോഡിൽ സാസ് അൽ നഖീൽ നിന്ന് അബുദാബിയിലേക്കുള്ള ദിശയിൽ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കി.മീ ആയി കുറച്ചു.
• ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം സ്ട്രീറ്റിൽ സ്വീഹാൻ പാലം മുതൽ ബനിയാസ് വരെ മണിക്കൂറിൽ 140 കി.മീറ്ററിൽ നിന്ന് 120ഉം ആക്കിയിട്ടുണ്ട്.
• ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം സ്ട്രീറ്റിൽ ബനിയാസ് ശ്മശാനത്തിൽ നിന്ന് ബനിയാസിലേക്കുള്ള റോഡിലെ വേഗപരിധി മണിക്കൂറിൽ 120 കി.മീറ്ററിൽ നിന്ന് 100 ആയാണ് കുറച്ചത്.
• ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് പാലത്തിൽ നിന്ന് അബുദാബിയിലേക്കുള്ള ദിശയിലെ വേഗം മണിക്കൂറിൽ 120 കി.മീറ്ററിൽ നിന്ന് 100 ആക്കി കുറച്ചു.
• ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ജുബൈൽ ഐലൻഡിൽ നിന്നും സാദിയാത്തിൽ നിന്നും അബുദാബിയിലേക്കുള്ള വേഗപരിധി മണിക്കൂറിൽ 140 കി.മീറ്ററിൽൽ നിന്ന് 120 ആക്കിയിട്ടുണ്ട്.
• ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ സാദിയാത്തിൽ നിന്നും അബുദാബിയിലേക്കുള്ള വേഗപരിധി മണിക്കൂറിൽ 120 കി.മീറ്ററിൽ നിന്ന് 100 ആയും കുറച്ചതായി അധികൃതർ അറിയിച്ചു.