മലപ്പുറത്ത് ദേശീയപാതാ വികസനത്തിന് മരം മുറിച്ചപ്പോൾ നീർക്കാക്ക കുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ.
മരം മുറിച്ചുമാറ്റിയ മണ്ണുമാന്തി വണ്ടിയുടെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രാജക്, മരം മുറിച്ച തൊഴിലാളി തമിഴ്നാട് സേലം കൂത്തുമുട്നേൽ മഹാലിംഗം, സൂപ്പർവൈസർ കോയമ്പത്തൂർ ലക്ഷ്മി അമ്മാൾ ഇല്ലം എൻ.മുത്തുകുമാരൻ എന്നിവരാണ് അറസ്റ്റിലായത്. റോഡ് പണിയുടെ എൻജിനീയർ തെലങ്കാന വാറങ്കൽ പട്ടായ്പക സ്വദേശി നാഗരാജുവിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിൽ പോയതായി വനംവകുപ്പ് അറിയിച്ചു.
കൂടാതെ സംസ്ഥാന വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മനേക ഗാന്ധി രംഗത്തെത്തി. സംഭവത്തിൽ വീഴ്ച ഉണ്ടായെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണെന്നും വകുപ്പിൽ ഉള്ള എല്ലാവരെയും പുറത്താക്കണമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.