‘ജീവിതം തൊട്ട സിനിമ’, മഞ്ഞുമ്മൽ ബോയ്സിനെകുറിച്ച് സംവിധായകൻ ഷാജി കൈലാസ് 

Date:

Share post:

പഴനി വഴി കൊടൈക്കനാലിലേക്കുള്ള യാത്ര, അത് മഞ്ഞുമ്മൽ ബോയ്സിന് വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു. ആ എക്സ്പീരിയൻസ് ബിഗ് സ്ക്രീനിലെത്തിയപ്പോൾ പ്രേക്ഷകരും മഞ്ഞുമ്മൽ ബോയ്സിന്റെ കൂടെ കൂടി. അവരോടൊപ്പം കൊടൈക്കനാലിലെ നിഗൂഢത നിറഞ്ഞ ഡെവിൾ’സ് കിച്ചൺ അഥവാ ഗുണ കേവിലേക്ക് പ്രേക്ഷകരും യാത്ര ചെയ്തു. പിന്നീട് ഇവരിലൊരാൾ ഗുഹയിൽ അകപ്പെടുന്നതും രക്ഷാപ്രവർത്തനവുമെല്ലാം കണ്ടിരുന്ന പ്രേക്ഷകന്റെയും നെഞ്ചിടിപ്പ് കൂട്ടി. നിറഞ്ഞ കയ്യടികൾ നേടി ‘മഞ്ഞുമ്മൽ ബോയ്സ്’ വിജയകുതിപ്പ് തുടരുകയാണ്.

മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തെ ജീവിതത്തിലെ യഥാർത്ഥ സംഭവവുമായി കൂട്ടിചേർത്തുകൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കെെലാസ്. ‘ജീവിതം തൊട്ട സിനിമ’ എന്നാണ് ‘മഞ്ഞുമ്മൽ ബോയ്സി’നെ സംവിധായകൻ വിശേഷിപ്പിച്ചിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ, മറക്കാൻ പറ്റാത്ത, വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കൂട്ടുകാർക്കൊപ്പം അഗസ്ത്യാർകൂടത്തിലേക്ക് വിനോദയാത്ര പോയപ്പോൾ ഡാമിൽ വീണ് മരിച്ച ചേട്ടനെക്കുറിച്ചുള്ള ഓർമകളാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ നൽകിയതെന്ന് ഷാജി കെെലാസ് പങ്കുവെച്ചു.

ഷാജി കെെലാസ് പങ്കുവച്ച കുറുപ്പിന്റെ പൂർണ്ണരൂപം

ജീവിതം തൊട്ട സിനിമ

കാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം ടി സാറാണ്. സിനിമകൾക്കും ഈ വിശേഷണം നന്നായി ചേരും. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ പറയാറുള്ളത്. പെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മകൂടിയാണ്. വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.

ഞാൻ പത്തിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നു. അവർ അച്ഛനെ മാറ്റിനിർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തിൽ അച്ഛൻ അവരോടൊപ്പം പോകുന്നതും കണ്ടു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചെറിയ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. അത് പതുക്കെ വലുതാവാൻ തുടങ്ങി. രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി. എല്ലാവരും നിശ്ശബ്ദരായി നിൽക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം. ഏറെ വൈകിയാണ് അച്ഛൻ തിരിച്ചെത്തിയത്. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാനാദ്യമായിട്ടാണ് കാണുന്നത്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. പിന്നീടാണ് വിവരങ്ങൾ ഞാൻ മനസ്സിലാക്കുന്നത്. കൂട്ടുകാർക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠൻ…

അഗസ്ത്യാർകൂടത്തിലേക്ക് ആയിരുന്നു അവർ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടെ ജ്യേഷ്ഠനെ കാൽ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി താണത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി. സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവർക്കേ അറിയൂ. ‘മഞ്ഞുമ്മൽ ബോയ്സ്’ ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു.

സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോ എന്ന് പ്രേക്ഷകർ മറന്നു പോകുന്നത്. അവർക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടിൽ സംഭവിച്ച അനുഭവത്തിന്റെ നേർ കാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്. ഞാൻ കയ്യടിക്കുമ്പോൾ അതിൽ കണ്ണീരും കലരുന്നുണ്ട് എന്ന് മാത്രം.

മഞ്ഞുമ്മൽ ബോയ്സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി. അതുപോലെ എന്റെ ഏട്ടനെയും അന്ന് കൂട്ടുകാർക്ക് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ… ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതായിരുന്നു. എന്നിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ല, ഭാഗ്യം തുണച്ചില്ല എന്ന് വേണം പറയാൻ. ഈ സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തുപോയി. അച്ഛന്റെ കരച്ചിൽ ഓർത്തു. പരസ്പരം ആരും മിണ്ടാത്ത മൂകമായ ആ രാത്രി ഓർത്തു.

മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറക്കാരെ എങ്ങനെ അഭിനന്ദിക്കണം എന്നെനിക്കറിയില്ല. അത്ര നല്ല സിനിമയാണിത്. ഇനിയും നിങ്ങൾക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാൻ കഴിയട്ടെ. നിങ്ങളുടെ സിനിമകളിൽ ഇനിയും ജീവിതം കിടന്ന് പിടയ്ക്കട്ടെ. അത് ആരുടെയെങ്കിലും കണ്ണുകളെ ഈറനണിയിക്കട്ടെ, മനസുകളെ വിമലീകരിക്കട്ടെ, നിങ്ങൾ വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ.

ദീപിക ചന്ദ്രൻ
ദീപിക ചന്ദ്രൻ
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...