വളരെ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ നായക നടനായി പ്രേക്ഷക പ്രീതി നേടിയെടുത്ത തമിഴ് താരമാണ് ശിവകാർത്തികേയൻ. ടെലിവിഷൻ കോമഡി ഷോയിലൂടെ തുടങ്ങി അവതാരകനായും നർത്തകനുമായെല്ലാം പ്രേക്ഷകരുടെ മനം കവർന്ന പ്രിയ താരം. കഴിഞ്ഞ കുറച്ച് കാലങ്ങളായി താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾ വലിയ വിജയമായിരുന്നില്ല.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രയിലർ പുറത്ത് വന്നതിന് പിന്നാലെ വിമർശനവുമായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ പ്രേക്ഷകർ. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ശിവകാർത്തികേയൻ നായകനായ ‘അമരൻ’ സിനിമയ്ക്കെതിരേ പ്രതിഷേധം ഉയരുന്നത്. സിനിമയിൽ മുസ്ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് ഉയർന്നുവരുന്ന ആരോപണം. രാഷ്ട്രീയപ്പാർട്ടിയായ തമിഴക മക്കൾ ജനനായക കക്ഷി(ടി.എം.ജെ.കെ) യാണ് പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്.
തിരുനെൽവേലി, തിരുപ്പൂർ, തിരുച്ചിറപ്പള്ളി, വെല്ലൂർ, ഗൂഡല്ലൂർ തുടങ്ങിയ ഇടങ്ങളിൽ പ്രതിഷേധം ശക്തമാണ്. ചിലയിടത്ത് പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയുമുണ്ടായി. സിനിമയുടെ റിലീസ് തടയാൻ തമിഴ്നാട് സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് പാർട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാസെക്രട്ടറി റയാൽ സിദ്ദിഖി ആവശ്യപ്പെടുകയും ചെയ്തു.
കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ച്ചേഴ്സും ചേർന്നാണ് ‘അമരൻ’ നിർമിക്കുന്നത്. ശിവകാർത്തികേയനും കമൽഹാസനുമെതിരേ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. കമലിനെയും ശിവകാർത്തികേയനെയും ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ മുകുന്ദ് എന്ന കഥാപാത്രമായാണ് ശിവകാർത്തികേയൻ എത്തുന്നത്.
കശ്മീരിലെ തീവ്രവാദപ്രവർത്തനങ്ങളെ നേരിടുന്ന ഇന്ത്യൻ കരസേനയെ അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നാണ് ടീസർ വ്യക്തമാക്കുന്നുണ്ട്. രാജ്യം അശോക ചക്ര നൽകി ആദരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്നും റിപ്പോർട്ടുകളുണ്ട്. 2014 ൽ ജമ്മു-കശ്മീരിലെ ഷോപിയാൻ ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നയിച്ച മുകുന്ദ് വരദരാജൻ പോരാട്ടത്തിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചിരുന്നു. ഇതാണ് ‘അമരന്റെ’ ഇതിവൃത്തം.