രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ ജനരോഷം നേരിടാനാവാതെ പലായനം ചെയ്ത ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ തിരിച്ചെത്തി. ഏഴ് ആഴ്ചയോളം രാജ്യത്ത് നിന്ന് മാറിനിന്ന ശേഷമാണ് പ്രസിഡന്റിന്റെ തിരിച്ചുവരവ്.
വിമാനത്താവളത്തിൽ വന്നിറങ്ങിയ രജപക്സെയ്ക്ക് ബൊക്കെ നല്‍കിയും നടക്കുന്ന വഴികളില്‍ പുഷ്പ വൃഷ്ടി നടത്തിയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ രോഷാകുലരായ ജനം പ്രസിഡന്റിന്റെ വസതി ഉള്‍പ്പെടെ കയ്യേറിയിരുന്നു. സാമ്പത്തിക സഹായമായി ഐഎംഎഫില്‍ നിന്നും 2.9 ബില്യണ്‍ യു എസ് ഡോളര്‍ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റ് തിരികെവന്നിരിക്കുന്നത്.
ഇതിനിടെ ശ്രീലങ്കയിൽ ഇടക്കാല ബജറ്റ് പാര്‍ലമെന്റ് പാസാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ ബജറ്റ് അവതരിപ്പിച്ചു. 225 അംഗ നിയമസഭയില്‍ 115 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. പ്രധാന പ്രതിപക്ഷമായ എസ്ജെബി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. അഞ്ച് അംഗങ്ങള്‍ മാത്രമാണ് ഇടക്കാല ബജറ്റിന് എതിരെ വോട്ട് ചെയ്തത്.