ഗൾഫ് രാജ്യങ്ങളിൽ സവാള കിട്ടാക്കനിയാകുമ്പോൾ റിയാദിൽ സവാള പൂഴ്ത്തിവെപ്പ്. റിയാദിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന എട്ട് ടൺ സവാളയാണ് വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തത്. പിടികൂടിയ സവാള വിപണിയിൽ വിൽക്കാൻ അധികൃതർ നിർദേശവും നൽകിക്കഴിഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് വാണിജ്യമന്ത്രാലയം അധികൃതർ നടത്തിയ പരിശോധനയിലാണ് ഗോഡൗണിൽ നിന്ന് സവാളകൾ കണ്ടെത്തിയത്. മാർക്കറ്റിൽ നിലവിൽ സവാളയുടെ ദൗർലഭ്യം അതിരൂക്ഷമാകുന്നതിനിടയിലാണ് ഇത്തരമൊരു പ്രവർത്തനം നടന്നത്. പിടിച്ചെടുത്ത സവാളകൾ വിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാണിജ്യമന്ത്രാലയം മേൽനോട്ടം വഹിക്കുമെന്ന് മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വ്യക്തമാക്കി.
മുമ്പ് രണ്ട് മുതൽ നാല് റിയാൽ വരെ മാത്രം വിലയുണ്ടായിരുന്ന സവാളയുടെ ഒരു പാക്കിന് നിലവിൽ 18 മുതൽ 22 റിയാൽ വരെയാണ് ഈടാക്കുന്നത്. ഉൽപാദനക്കുറവും ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇല്ലാതായതുമാണ് സവാള വില കുതിച്ചുയരാൻ കാരണം. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ഇത്തരത്തിലുള്ള പൂഴ്ത്തിവെയ്പ്പ് ഉണ്ടാകാതിരിക്കുന്നതിനായി കർശന പരിശോധനകൾ നടത്താനാണ് അധികൃതരുടെ തീരുമാനം.