സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിക്കിടക്കുന്ന ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി. ബൈജുവിനെതിരെ ഇ.ഡി ലുക്ക് ഔട്ട് നോട്ടീസാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ ലംഘനത്തിനാണ് നോട്ടീസ്. രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബൈജുവിനെതിരെ ഇ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ ബൈജൂസിന്റെ രണ്ട് ഓഫീസുകളിലും വീട്ടിലും ഇഡി റെയ്‌ഡും നടത്തിയിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിദേശ ധന വിനിമയ നിയമം (ഫോറിൻ എക്ചേഞ്ച് മാനേജ്മെന്റ് ആക്ട്, ഫെമ) അനുസരിച്ചായിരുന്നു പരിശോധന. 2011 മുതൽ 2023 വരെ ബൈജൂസ് ആപ്പിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി 28,000 കോടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് 9,754 കോടി രൂപ കമ്പനി നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തേക്ക് അയച്ചതിൽ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും വേണ്ടി ചെലവഴിച്ച 944 കോടി രൂപയും ഉൾപ്പെടുന്നുണ്ട്. എന്നാൽ 2020-21 സാമ്പത്തിക വർഷം മുതൽ കൈവശം സൂക്ഷിക്കേണ്ട സാമ്പത്തിക രേഖകൾ കമ്പനി തയ്യാറാക്കിയിട്ടില്ലെന്നും നിയമപരമായി പാലിക്കേണ്ട അക്കൗണ്ട് ഓഡിറ്റിങ്ങ് നടത്തിയിട്ടില്ലെന്നും ഇഡി പരിശോധനയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തികളിൽ നിന്ന് ബൈജൂസിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. പരാതികളിൽ അന്വേഷണം നടത്തുന്നതിന് ബൈജു രവീന്ദ്രനോട് ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടുവെങ്കിലും സഹകരിക്കാത്തതിനെ തുടർന്നാണ് അന്ന് പരിശോധന നടത്തിയത്.