പ്രായത്തിനപ്പുറമുള്ള കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് റെക്കോർഡുകൾ നേടുന്നവർ നിരവധിയാണ്. അക്കൂട്ടത്തിൽ വളരെ പ്രത്യേകതകൾ ഉള്ള ഒരാളെയാണ് നാം പരിചയപ്പെടാൻ പോകുന്നത്. വെറും നാല് മാസം മാത്രമാണ് പ്രായമെങ്കിലും 120 വസ്തുക്കൾ തിരിച്ചറിഞ്ഞ് ലോക റെക്കോർഡ് സ്വന്തമാക്കിയ ഒരു അത്ഭുത ബാലികയെ.
ആന്ധ്രാപ്രദേശിലെ നന്ദിഗമയിൽ നിന്നുള്ള കൈവല്യയാണ് തന്റെ ചെറിയ പ്രായത്തിൽ തന്നെ ലോക ശ്രദ്ധ നേടിയിരിക്കുന്നത്. പച്ചക്കറികൾ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവ ഉൾപ്പെടെ 120 വ്യത്യസ്ത വസ്തുക്കളെയാണ് ഈ കുഞ്ഞു പ്രതിഭ ഇതിനോടകം തിരിച്ചറിഞ്ഞത്. കൈവല്യയുടെ സവിശേഷമായ കഴിവ് തിരിച്ചറിഞ്ഞ അമ്മ ഹേമ അവ തെളിയിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്‌ത് നോബൽ വേൾഡ് റെക്കോർഡിലേക്ക് അയക്കുകയായിരുന്നു.
തുടർന്ന് നോബൽ വേൾഡ് റെക്കോർഡ്സിലെ ടീം വീഡിയോ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുകയും കൈവല്യയുടെ കഴിവിനുള്ള സമ്മാനമായി നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ അവളുടെ പേര് എഴുതിച്ചേർക്കുകയും ചെയ്തു. 100-ലധികം ഫ്ലാഷ് കാർഡുകൾ തിരിച്ചറിയുന്ന ലോകത്തിലെ ആദ്യത്തെ നാല് മാസം പ്രായമുള്ള കുഞ്ഞ് എന്ന പദവിയാണ് ഇപ്പോൾ കൈവല്യ സ്വന്തമാക്കിയിരിക്കുന്നത്. മകൾക്ക് ലഭിച്ച അപൂർവ്വ നേട്ടത്തിൽ അഭിമാനിക്കുകയാണ് ഇപ്പോൾ മാതാപിതാക്കൾ.