നീണ്ട നാളത്തെ അന്വേഷണം ഫലം കണ്ടത്തിന്റെ സന്തോഷത്തിലാണ് അബുദാബിയിലെ പരിസ്ഥിതി ഏജൻസി അധികൃതർ. വംശനാശഭീഷണി നേരിടുന്ന ഗ്രീൻ ടർട്ടിലുകൾ മുട്ടയിടുന്ന സ്ഥലത്തിനായുള്ള തിരച്ചിലാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. അബുദാബിയിലെ അൽ ദഫ്‌റയിലാണ് പ്രത്യേക ഇനത്തിൽപ്പെട്ട ഈ ആമകൾ മുട്ടയിടുന്നതായി കണ്ടെത്തിയത്.
ഗ്രീൻ ടർട്ടിലുകളെ പലപ്പോഴും അബുദാബി തീരത്ത് കാണാറുണ്ടെങ്കിലും ഇവ എവിടെ നിന്ന് വരുന്നുവേന്നോ മുട്ടയിടുന്ന സ്ഥലം ഏതാണെന്നോ സംബന്ധിച്ച് പരിസ്ഥിതി അധികൃതർക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അബു അൽ അബ്യാദ്, ബുതിന, അൽ യാസത്ത്, മുഹയിമത്ത് എന്നീ ദ്വീപുകൾക്കിടയിലെ ജലാശയങ്ങളിലായിരുന്നു ഗ്രീൻ ടർട്ടിലിനെ പ്രധാനമായും കാണാറുണ്ടായിരുന്നത്. തുടർന്ന് വംശനാശ ഭീഷണി നേരിടുന്ന ഈ ആമകളെ സംരക്ഷിക്കുന്നതിനായി ഇവ കൂടുകൂട്ടാൻ സാധ്യതയുള്ള പ്രദേശങ്ങൾ അധികൃതർ നിരീക്ഷിക്കാനും ആരംഭിച്ചു. ആ ശ്രമത്തിന്റെ ആദ്യപടിയാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
നേരത്തെ ഇത്തരം ആമകൾ മുട്ടയിടാനായി ഒമാൻ തീരത്തേയ്ക്ക് പോയിരുന്നതായി സാറ്റലൈറ്റ് ട്രാക്കിങ് പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ടെന്ന് ഇ.എ.ഡിയിലെ ടെറസ്ട്രിയൽ ആന്റ് മറൈൻ ബയോഡൈവേഴ്‌സിറ്റി വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്‌ടർ അഹമ്മദ് അൽ ഹാഷ്‌മി വ്യക്തമാക്കി. ഉഷ്ണ മേഖലാ കടലുകളിൽ കണ്ടുവരുന്ന ഗ്രീൻ ടർട്ടിലുകളുടെ വ്യാപനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ അധികൃതർ.