റാസ്ലഫാൻ പെട്രോ കെമിക്കൽ കോംപ്ലക്സ് പ്രോജക്ടിന്റെ തറക്കല്ലിടൽ കർമം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. പെട്രോ കെമിക്കൽ മേഖലയിലെ ഖത്തറിന്റെ ശ്രദ്ധേയ പദ്ധതികളിലൊന്നാണിത്. ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രെട്രോകെമിക്കൽ പദ്ധതിയായ റാസ്ലഫാൻ പ്രോജക്ടിന്റെ വികസനത്തിലെ നിർണായക ഘട്ടത്തിനാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്.
കോംപ്ലക്സ് നിർമാണം പൂർത്തിയാകുന്നതോട് കൂടി എഥിലീന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഉൽപാദനം ഇരട്ടിയായി വർധിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഖത്തറിന്റെ ആകെ പെട്രോകെമിക്കൽ ഉൽപാദനം പ്രതിവർഷം 14 ദശലക്ഷം ടണ്ണായി ഉയർത്തുന്നതിനും ഈ പദ്ധതി സഹായിക്കും. ഉദ്ഘാടനത്തിന് പിന്നാലെ പദ്ധതി സംബന്ധിച്ച ഡോക്യുമെന്ററി അമീറിനു മുമ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തു. ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷരിദ അൽ കഅബി, മറ്റു മന്ത്രിമാർ, ഖത്തർ എനർജി മേധാവികൾ എന്നിവരും പങ്കെടുത്തു.
നാലു വർഷം മുൻപാണ് പദ്ധതി പ്രഖ്യാപിച്ചത്. ഖത്തർ എനർജിക്ക് 70 ശതമാനവും ചെവ്റോൺ ഫിലിപ്സ് കെമികൽ കമ്പനി (സി.പി.കെം) 30 ശതമാനവും ഉടമസ്ഥരായ സംയുക്ത സംരംഭത്തിനു കീഴിലാണ് കോംപ്ലക്സ് സ്ഥാപിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പശ്ചിമേഷ്യയിലെയും ലോകത്തിലെയും ഏറ്റവും വലിയ പെട്രോകെമിക്കൽ യൂനിറ്റായിരിക്കും ഖത്തറിന്റെ വ്യവസായിക നഗരമായ റാസ്ലഫാനിൽ പൂർത്തിയാകുന്നത്.