യുഎഇയില്‍ പുതുക്കിയ സമഗ്രവിസ നയം പ്രാബല്യത്തില്‍. മാറ്റം അനുസരിത്ത് ഇന്ന് മുതല്‍ പുതിയ വിസകൾക്ക് അപേക്ഷിക്കാം. വിപുലീകരിച്ച ഗോള്‍ഡന്‍ വിസ , അഞ്ച് വർഷത്തെ ഗ്രീന്‍ റെസിഡന്‍സ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, ബിസിനസ് എന്‍ട്രി വിസ, പഠനത്തിനുളള വിസ, താല്‍ക്കാലിക ജോലിയ്ക്കുളള വിസ തുടങ്ങിയ ആകര്‍ഷകമായ പാക്കേജുകളാണ് പ്രത്യേകത.
രാജ്യത്തേക്ക് വിദഗ്ധരായ തൊഴിലാളികളേയും നിക്ഷേപകരെയും ആകർഷിക്കാന്‍ ലക്ഷ്യമിട്ടാണ് വിസ നവീകരണം നടപ്പാക്കിയത്. ഏതെങ്കിലും കമ്പനികളുടെ വിസ ലഭ്യമായില്ലെങ്കില്‍ സ്വയം തൊഴില്‍ കണ്ടെത്താനും നിക്ഷേപം നടത്താനും അവസരമൊരുക്കുന്നതാണ് പുതിയ വിസ നയം. സ്പോണ്‍സര്‍മാരില്ലാതെയും ആശ്രിതരെ ഒപ്പം കൂട്ടിയും യുഎഇയില്‍ പുതിയ പ്രതീക്ഷകൾ കെട്ടിപ്പടുക്കാന്‍ ഇതോടെ അവസരമൊരുങ്ങും.
റിയല്‍ എസ്റ്റേറ്റ്, സ്റ്റാർട്ട് അപ്പ് ബിസിനസുകൾ, വിദഗ്ധ തൊഴിലാളികള്‍, വിദ്യാർത്ഥികള്‍, തുടങ്ങി വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനത്തിന്റേയും നിക്ഷേപത്തിന്റേയും അടിസ്ഥാനത്തിലാണ് ഗോൾഡന്‍ വിസകളും ഗ്രീന്‍ വിസകളും അനുവദിക്കുക. ശാസ്ത്ര വിദഗ്ധര്‍ക്കും വിവിധ മേഖലകളിലെ പ്രതിഭകൾക്കും ഗോൾഡന്‍ വിസ മാനദണ്ഡങ്ങൾ കൂടുതല്‍ ലളിതമാണ്.
അഞ്ച് വര്‍ഷം കാലാവധിയുളളതാണ് ഗ്രീന്‍ വിസ. കുറഞ്ഞത് 15,000 ദിർഹം ശമ്പളവും ബിരുദവും ഉണ്ടെങ്കില്‍ ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാം. നിക്ഷേപകർക്കും സംരംഭകർക്കും ഗ്രീന്‍ വിസ സ്വന്തമാക്കാന്‍ അവസരമുണ്ട്. വിവിധ പഠനകോഴ്സുകള്‍, പരിശീലനം എന്നിവയ്ക്കും പ്രത്യേ വിസ ലഭ്യമാകും. പ്രൊജക്ടുകളുടേയും കരാറുകളുടേയും അടിസ്ഥാനത്തില്‍ നല്കുന്ന താല്‍ക്കാലിക തൊഴില്‍ വിസയും പ്രധാനമാറ്റമാണ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്കും സ്പോണ്സര് ആവശ്യമില്ലെന്ന നിബന്ധന കൂടുതല്‍ ആളുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതാണ്.