വേദനാജനകമായ മണിക്കൂറുകൾക്ക് ശേഷം ആശ്വാസത്തിന്റെ കിരണമായി ആ സന്തോഷ വർത്ത. 24 മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ ഓട്ടിസം ബാധിച്ച 18-കാരനെ സുരക്ഷിതനായി കണ്ടെത്തി. ഷാർജയിൽ കാണാതായ ഫെലിക്സ് ജെബിയെയാണ് സുരക്ഷിതനായി കണ്ടെത്തിയത്. തങ്ങളുടെ ഏക മകനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മാതാപിതാക്കൾ.
ശനിയാഴ്ച വൈകുന്നേരം അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഷാർജ സിറ്റി സെൻ്ററിൽ ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് ഫെലിക്‌സിനെ കാണാതായത്. ശനിയാഴ്ച രാത്രി 8:45-നാണ് മാളിന് പിന്നിലായി ഫെലിക്‌സിനെ അവസാനമായി കണ്ടത്. മകനെ കാണാതായതോടെ ആശങ്കാകുലരായ മാതാപിതാക്കൾ ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് ഷാർജ പോലീസിൽ പരാതി നൽകിയത്.
തുടർന്ന് ഫെലിക്സിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ നൽകി പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ ഫലം കാണുകയായിരുന്നു. ദുബായ് എയർപോർട്ടിൻ്റെ ഡിപ്പാർച്ചർ ഏരിയയിൽ നിന്നാണ് ഫെലിക്സിനെ കണ്ടെത്തിയത്. എന്നാൽ എങ്ങിനെയാണ് ഫെലിക്സ് അവിടെ എത്തിയത് എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രാർത്ഥനകൾക്കും കാത്തിരിപ്പിനുമൊടുവിൽ മകനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ജെബി തോമസും കുടുംബവും.