അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം നിർമിതിബുദ്ധിയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചതിനെതിരെ കുടുംബം രംഗത്ത്. തെലുങ്ക് ചിത്രമായ ‘കീഡാ കോള‘യിലാണ് ഗായകന്റെ ശബ്ദം കുടുംബത്തിന്റെ അനുവാദമില്ലാതെ പുനഃസൃഷ്ടിച്ചത്. ചിത്രത്തിൻ്റെ നിർമാതാക്കൾക്കെതിരെ ഗായകന്റെ കുടുംബം വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മകനും ഗായകനുമായ എസ്.പി. കല്യാൺ ചരൺ ആണ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്‌ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മകൻ പറഞ്ഞു. പക്ഷേ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി കുടുംബത്തിന്റെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ ശബ്ദം പുനഃസൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ നിരാശരാണെനന്നും നിയപരമായി ഇത്തരം കാര്യങ്ങളെ നേരിടുമെന്നും മകൻ വ്യക്തമാക്കി. ശബ്ദം പുനഃസൃഷ്ടിച്ചതിനു ക്ഷമ പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും മകൻ പറഞ്ഞു. അനുവാദമില്ലാതെ പഴയ ഗായകരുടെ ശബ്ദം പുനഃസൃഷ്ടിക്കുന്നത് പുതിയ തലമുറയിലെ ഗായകർക്ക് വെല്ലുവിളിയാണെന്നും എസ്.പി. കല്യാൺ ചരൺ ചൂണ്ടിക്കാട്ടി.
നേരത്തെ ഐശ്വര്യ രജനികാന്ത് ഒരുക്കിയ ‘ലാൽസലാം‘ എന്ന ചിത്രത്തിൽ അന്തരിച്ച ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നീ ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ചതിന് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ സമാന രീതിയിലുള്ള വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഗായകരുടെ കുടുംബത്തിൻ്റെ അനുമതിയോടെയായിരുന്നു ശബ്ദം പുനഃസൃഷ്ടിച്ചതെന്ന് റഹ്മാൻ വ്യക്തമാക്കി. കുടുംബത്തിന് പ്രതിഫലം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.