ഇനി കുറച്ചുകാലം സവാളയില്ലാതെ വിഭവങ്ങളൊരുക്കാം. അതല്ലാതെ യുഎഇയിലെ പ്രവാസികൾക്ക് ഇപ്പോൾ മറ്റ് വഴിയില്ല. കാരണം സവാളയുടെ വില റോക്കറ്റിനേക്കാൾ വേഗത്തിലാണ് കുതിക്കുന്നത്. ഇനി കുറച്ച് കാശ് മുടക്കി വാങ്ങാമെന്ന് വിചാരിച്ചാൽ ഇന്ത്യൻ സവാളകൾ മാർക്കറ്റിൽ ലഭ്യവുമല്ല. ലഭിക്കുന്നതോ രുചിയില്ലാത്ത സവാളകൾ, അതും തീ വിലയിൽ. ഇതോടെ നെട്ടോട്ടമോടുകയാണ് പ്രവാസികൾ.
ഒരു കിലോ സവാളയ്ക്ക് 6 മുതൽ 12 ദിർഹം വരെയാണ് വില നൽകേണ്ടത്. അതായത് നാട്ടിലെ 135 രൂപ മുതൽ 270 രൂപ വരെ. രണ്ട് ദിർഹത്തിന് ലഭിച്ചിരുന്ന സവാളയ്ക്കാണ് ഇപ്പോൾ പൊന്നും വില നൽകേണ്ടിവരുന്നത്. ഇന്ത്യൻ സവാളയുടെ വരവ് നിലച്ചതാണ് യുഎഇയിൽ സാവള വില ഇത്രയും ഉയരാൻ കാരണമായത്. ഇതോടെ ഇറാൻ, തുർക്കി സവാളകൾ ഉയർന്ന വിലയിൽ മാർക്കറ്റിൽ എത്തുകയും ചെയ്തു. ഇതിനെ മറികടക്കാൻ കുറഞ്ഞ വിലയ്ക്ക് തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഉള്ളി എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കാർഗോ നിരക്കിലെ വർധനവും മാർക്കറ്റിലെ ഉള്ളി വിലയിലെ പ്രധാന ഘടകമായിട്ടുണ്ട്.
വീടുകൾക്ക് പുറമെ കേരള റെസ്റ്റോറന്റ് നടത്തിപ്പുകാരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. വിഭവങ്ങൾക്ക് പഴയ രുചിയില്ലെന്ന ഉപഭോക്താക്കളുടെ പരാതി കേട്ട് മടുത്തിരിക്കുകയാണ് അവർ. ഇതേ രീതിൽ സവാള വില തുടർന്നാൽ എന്തുചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ പ്രവാസികൾ.