കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച വസ്തുക്കൾ കൺമുന്നിൽ നശിക്കുന്നത് കണ്ടുനിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില സന്ദർഭങ്ങളിൽ ഒന്നും ചെയ്യാനാകാതെ കയ്യുകെട്ടി നോക്കി നിൽക്കാനെ സാധിക്കുകയുള്ളു. അത്തരം അവസ്ഥയിലൂടെയാണ് യുഎഇയിലെ വ്യവസായിയായ മുഹമ്മദ് റാഷിദ് അബ്ദുള്ള കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലുണ്ടായ ശക്തമായ ആലിപ്പഴ വർഷത്തിൽ അബ്ദുള്ളയ്ക്ക് നഷ്ടമായത് 5 മില്യൺ ദിർഹം വിലമതിക്കുന്ന കാറുകളാണ്.
അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ മൊട്ടമദ് എന്ന കാർ ഷോറൂം നടത്തിവരികയാണ് അബ്ദുള്ള. ചെറുതും വലുതും പ്രീമിയം കളക്ഷിനിലുള്ളതുമായ നിരവധി വാഹനങ്ങളായിരുന്നു ഷോറൂമിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 12ന് യുഎഇയുടെ പല ഭാഗങ്ങളും നിർത്താതെ പെയ്ത മഴയോടൊപ്പം പതിച്ച ആലിപ്പഴങ്ങൾ വാഹനങ്ങൾക്ക് മുകളിലേയ്ക്ക് പതിച്ചതോടെയാണ് കാറുകളുടെ വിവിധ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചത്.
കോണ്ടിനെൻ്റൽ ബെൻ്റ്ലി, ലെക്സസ് മിനി കൂപ്പർ തുടങ്ങിയ ആഡംബര സെഡാനുകൾ, റേഞ്ച് റോവറുകൾ, എസ്യുവികൾ, വലിയ പിക്ക്-അപ്പ് ട്രക്കുകൾ, കോംപാക്റ്റ് – മിഡ് റേഞ്ച് സെഡാനുകൾ തുടങ്ങിയ വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. പല കാറുകളുടെയും ചില്ലുകളും ബോണറ്റുകളും തകരുകയും ബോഡിക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മറ്റ് പല കാറുകളും വെള്ളത്തിനടിയിലുമായി. ഇതോടെ വൻ നഷ്ടത്തിൻ്റെ പിടിയിലായിരിക്കുകയാണ് അബ്ദുള്ള.
തനിക്ക് സാധിക്കുന്ന വാഹനങ്ങളുടെ കേടുപാടുകൾ തീർക്കാനും അല്ലാത്തവ യഥാർത്ഥ വിലയുടെ 20 മുതൽ 40 ശതമാനം വരെ കുറവിൽ വിൽക്കാനുമാണ് അബ്ദുള്ളയുടെ തീരുമാനം. എന്തായാലും ജീവിതത്തിലെ ഈ അപ്രതീക്ഷിത പ്രതിസന്ധി ഘട്ടത്തെ ചങ്കൂറ്റത്തോടെ നേരിടുമെന്ന നിലപാടിൽ തന്നെയാണ് ഈ വ്യവസായി.