അപൂർവ്വ സസ്യജാലങ്ങളുടെ പറുദീസയാണ് ഇന്തൊനീഷ്യ. അവിടെ നിന്നെത്തിയ ഒരു ഫലസസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അതാണ് കെപ്പൽ പഴം. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന പഴങ്ങളെപ്പോലെയല്ല, ഇതിനൊരു പ്രത്യേകതയുണ്ട്. അതെന്താണെന്നല്ലേ.
കെപ്പൽ പഴം കഴിച്ചാൽ മനുഷ്യശരീരത്തിൽ നിന്ന് ഉണ്ടാകുന്ന വിയർപ്പിന് ഹൃദ്യമായ സുഗന്ധമായിരിക്കുമത്രെ. അതുകൊണ്ടുതന്നെ പണ്ടുകാലത്ത് ഇന്തൊനീഷ്യയിലെ രാജകുടുംബാംഗങ്ങളുടെ ഇഷ്ട പഴമായിരുന്നു കെപ്പൽ. കൊട്ടാര വളപ്പിനുള്ളിൽ മാത്രമായിരുന്നു അന്ന് ഈ വൃക്ഷങ്ങളെ വളർത്താൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ പിന്നീട് രാജഭരണമവസാനിച്ചതോടെ ഇവയുടെ സുഗന്ധം പൊഴിക്കുന്ന പ്രത്യേകത അറിഞ്ഞ് പല രാജ്യങ്ങളിൽ നിന്നും ആളുകളെത്തി ഈ ഫലവൃക്ഷത്തിന്റെ വിത്ത് കൊണ്ടുപോയി കൃഷി ചെയ്യാനും ആരംഭിച്ചു.
ഇരുപത്തിയഞ്ച് മീറ്ററോളം ഉയരത്തിൽ നീളമേറിയ തായ്ത്തടിയും മുകളിൽ കുടപോലെ ശാഖകളുമായി കാണുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ. കെപ്പൽ മരത്തിൻ്റെ തായ്ത്തടിയിൽ ഗോളാകൃതിയിൽ കൂട്ടമായാണ് കായ്കൾ വളരുന്നത്. പാകമായ പഴങ്ങൾക്ക് പുളികലർന്ന മധുരവും മാങ്ങയുടെ രുചിയുമാണ്. സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള പ്രദേശങ്ങളിൽ പരിചരണമില്ലാതെ തന്നെ ഇവ വളർത്താനും സാധിക്കും.