സൗദിയും ഇന്ത്യയും ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് നിർമാണ മേഖലകളിൽ പരസ്പര സഹകരണത്തിനാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് കമ്യൂണിക്കേഷൻസ് ആൻഡ് ഐ.ടി മന്ത്രാലയവും ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് അംഗീകാരം നൽകിയത്.
അതേസമയം ഇസ്രായേൽ–പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്നും സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. കൂടാതെ റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കാൻ ബാധകമാക്കിയ നിയന്ത്രണങ്ങളും എടുത്തുകളയണം. മാത്രമല്ല, 1967 ജൂൺ നാലിലെ അതിർത്തിയിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിന് ഉടനടി നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.