നോട്ടത്തിലും ഭാവത്തിലും നിഗൂഢതയും മാന്ത്രികതയും നിറച്ച കൊടുമൺ പോറ്റിക്കായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികൾ. ആ കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെയാണ് ഭ്രമയുഗം തിയേറ്ററിലെത്തിയത്. റിലീസ് ദിവസം തന്നെ ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതിന്റെ തെളിവായിരുന്നു അദ്യദിനത്തിലെ കളക്ഷൻ റിപ്പോർട്ടുകൾ.
റിലീസ് ദിവസത്തെ ഫസ്റ്റ്, സെക്കൻഡ് ഷോകൾക്ക് വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ആദ്യ ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം വാരിയത് 3.05 കോടിയാണ്. അതേസമയം, ആഗോളതലത്തിൽ നേടിയതാകട്ടെ 6 കോടിക്ക് മുകളിലാണ്. ബുക്ക് മൈ ഷോയിൽ ചിത്രം റെക്കോർഡ് നേട്ടമാണ് ഇപ്പോൾ കൊയ്തുകൊണ്ടിരിക്കുന്നത്. 1,33,000 ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രം കേരളത്തിൽ ഹൗസ്ഫുൾ പ്രദർശനമായിരുന്നതിനാൽ നിരവധി അഡീഷണൽ ഷോകളും ചാർട്ട് ചെയ്യപ്പെട്ടിരുന്നു.
രാഹുൽ സദാശിവൻ്റെ മേക്കിങ് മികവിന്റെ മറ്റൊരു അത്ഭുതമാണ് ഭ്രമയുഗമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയാണ് ചിത്രത്തിന്റെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെയ്ക്കുന്നതെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. ഇവർക്ക് പുറമെ അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എന്തായാലും ചിത്രം കളക്ഷൻ റെക്കോർഡുകൾ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല.