ഉമ്മുൽ ഇമാറാത്ത് പാർക്കിൽ ഇനി രണ്ട് ദിവസം ഉത്സവമേളം. കലാസാംസ്കാരിക ഉത്സവമായ ഫെസ്റ്റിവൽ ഇൻ ദ് പാർക്കിന് ആവേശത്തോടെ ഇന്ന് തുടക്കമാവും. രണ്ടു ദിവസത്തെ കലാമാമാങ്കത്തിൽ വിവിധ രാജ്യക്കാരുടെ കലാപരിപാടികൾ, പ്രദർശനങ്ങൾ,ശിൽപശാലകൾ, എന്നിവ ഒരുക്കിയിട്ടുണ്ട്. കലയും സംഗീതവും നൃത്തവും ശിൽപശാലയും വാദ്യമേളവും കഥപറച്ചിലുമൊക്കെയായി എല്ലാ പ്രായക്കാർക്കും ഒത്തുകൂടുകയും ആസ്വദിക്കുകയും ചെയ്യാവുന്ന വ്യത്യസ്തമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചൈനീസ് സംസ്കാരവും കലയും പ്രമേയമാക്കിയുള്ള പരിപാടികൾക്കാണ് മുൻതൂക്കം നൽകുന്നതെങ്കിലും തികച്ചും വൈവിധ്യമാർന്ന കലാവിരുന്നുകൾ സന്ദർശകരെ കൂടുതൽ ആകർഷിക്കും.
മാത്രമല്ല, കൃഷിയിലേക്ക് പുതിയ തലമുറയെ ആകർഷിക്കുന്ന ശിൽപശാലയ്ക്ക് സ്വദേശി കർഷകനായ സഈദ് അൽ റുമൈത്തിയും ബ്രേസ്‍ലറ്റ് നിർമാണ ശിൽപശാലയ്ക്ക് അൽഗദീറും നേതൃത്വം നൽകുന്നുണ്ട്. നാളെ സാറ അൽ സിനാനി തികച്ചും വ്യത്യസ്തമാർന്ന പാവ നിർമാണവും പഠിപ്പിക്കും. ഫാഷൻ ഷോയും നൃത്ത നൃത്യങ്ങളും സംഗീത നിശയും ആയോധന കലയുമൊക്കെയായി വിവിധ പരിപാടികളും മേളയ്ക്ക് കൂടുതൽ മാറ്റ് കൂട്ടും. 10 ദിർഹത്തിന്റെ പാർക്ക് പ്രവേശന ടിക്കറ്റെടുത്ത് എത്തുന്ന എല്ലാവർക്കും പരിപാടി ആവോളം ആസ്വദിക്കാം. മാത്രമല്ല, കലാപരിപാടി കാണാൻ പ്രത്യേക ഫീസും ഈടാക്കുന്നില്ല. ഇന്നും നാളെയും വൈകിട്ട് 5 മുതൽ രാത്രി 9.30 വരെയാണ് മേള നടക്കുക. കൂടുതൽ വിവരങ്ങൾക്ക് www.ummalemaratpark.ae/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. രണ്ട് ദിവസത്തെ കലാമേള ആസ്വദിക്കാൻ കാത്തിരിക്കുകയാണ് അബുദാബിയിലെ ജനങ്ങൾ.