കുടുംബത്തിലെ പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിതം മുന്നോട്ട് നയിക്കാനാണ് അനിത ഓട്ടോ ഡ്രൈവറുടെ വേഷമണിഞ്ഞത്. എന്നാൽ തന്റെ മക്കളെ തനിച്ചാക്കി ഇത്രയും വേഗം മടങ്ങേണ്ടി വരുമെന്ന് അറിഞ്ഞില്ല. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തുന്ന വാർത്തയായിരുന്നു ഇന്ന് രാവിലെ പുറത്തുവന്നത്.
പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞാണ് വനിതാ ഡ്രൈവറായിരുന്ന സീതത്തോട് കൊടുമുടി അനിത (35) ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അപകടം. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ വെച്ച് ഓട്ടോറിക്ഷ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും സംഭവസ്ഥലത്ത് വെച്ചുതന്നെ അനിത മരണപ്പെട്ടിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന കുട്ടികൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ചിറ്റാർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥികളായ ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്പിൽ വിജി (16), മരണപ്പെട്ട അനിതയുടെ മകൻ ആൾട്രിൻ (15) എന്നിവരാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റിയ അനിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.